ന്യൂഡല്‍ഹി: ടിബറ്റിലുണ്ടായ ഹിമപാതത്തെത്തുടര്‍ന്ന് നേപ്പാളിലുണ്ടായ വന്‍ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യ-ചൈന അതിര്‍ത്തിക്കടുത്ത് നിര്‍മിക്കുന്ന കൂറ്റന്‍ ഡാമിനെതിരേ മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്ത്. അരുണാചല്‍പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള അതീവ ഭൂകമ്പസാധ്യതാ മേഖലയായ മെഡോഗ് കൗണ്ടിയില്‍ ചൈന നിര്‍മിക്കുന്ന 60,000 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയുടെ മെഗാ ഡാമിനെതിരേയാണ് ഭൗമശാസ്ത്ര-തന്ത്രജ്ഞ വിദഗ്ധര്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നത്.
ഇന്ത്യയില്‍ ബ്രഹ്മപുത്ര എന്നറിയപ്പെടുന്ന യാര്‍ലുങ് സാങ്പോ നദിയില്‍ ചൈന നിര്‍മിക്കുന്ന മെഡോഗ് ജലവൈദ്യുത പദ്ധതി സജീവമായ ഒരു ഭൂകമ്പ ഫോള്‍ട്ട് ലൈനിനു മുകളിലാണ് സ്ഥിതിചെയ്യുന്നതെന്ന് ചൈനീസ് സര്‍ക്കാരിന്റെതന്നെ പഠനങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 2033ഓടെ പ്രവര്‍ത്തനസജ്ജമാക്കാന്‍ ലക്ഷ്യമിടുന്ന ഈ ഭീമന് ഡാം ഭാവിയില്‍ പൊട്ടുകയോ തകരുകയോ ചെയ്താല്‍ അത് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പൂര്‍ണമായും വെള്ളത്തിനടിയിലാക്കുന്ന ‘ജലബോംബ്’ ആയി മാറുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
“നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ 4.4 തീവ്രത രേഖപ്പെടുത്തിയ ഒരു ചെറിയ ചലനംപോലും ഗ്രാമങ്ങളെ തുടച്ചുനീക്കിയ പ്രളയത്തിനു കാരണമായെങ്കില്‍, ഹിമാലയന്‍ ഭൂകമ്പ മേഖലയില്‍ ചൈന നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡാം എത്രത്തോളം അപകടകരമാണെന്ന് ലോകം ചിന്തിക്കണം. ഈ പദ്ധതി ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളെയും ബംഗ്ലാദേശിനെയും തകര്‍ത്തെറിയാന്‍ ശേഷിയുള്ളതാണ്”-തന്ത്രജ്ഞനും ഭൗമരാഷ്ട്രീയ വിദഗ്ധനുമായ ബ്രഹ്മ ചെല്ലാനി മുന്നറിയിപ്പ് നല്കി. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ചൈനയോട് ആവശ്യപ്പെടണമെന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
ഡാം നിര്‍മാണം പൂര്‍ത്തിയായാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ സമാനതകളില്ലാത്ത പ്രളയദുരന്തത്തിനു സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ രാജീവ് ഡോഗ്രയും മുന്നറിയിപ്പ് നല്കി. ഇന്ത്യന്‍-യുറേഷ്യന്‍ ടെക്റ്റോണിക് പ്ലേറ്റുകള്‍ സംഗമിക്കുന്ന അതീവ അപകടസാധ്യതയുള്ള ഈ മേഖലയില്‍ ചൈന നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വരുംനാളുകളില്‍ വലിയ സുരക്ഷാ ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍.
ഏകദേശം 167 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന മെഡോഗ് ഡാം പൂര്‍ത്തിയാകുന്നതോടെ, നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയമായ ചൈനയിലെ ത്രീ ഗോര്‍ജസ് ഡാമിനെ മറികടക്കും. സിഡ്നി ആസ്ഥാനമായുള്ള ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം, ത്രീ ഗോര്‍ജസ് ഡാമിനേക്കാള് മൂന്നിരട്ടി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇതിനു ശേഷിയുണ്ടാകും.
എന്നാല്‍, ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ജിയോളജിക്കല്‍ സര്‍വേയുമായി ബന്ധപ്പെട്ട ഭൗമശാസ്ത്രജ്ഞര്‍ നടത്തിയ പഠനം പദ്ധതിയുടെ സുരക്ഷയെ ചോദ്യംചെയ്യുന്നു. ചൈന ജിയോളജിക്കല്‍ സര്‍വേയുടെ മേല്‍നോട്ടത്തില്‍ പുറത്തിറങ്ങുന്ന സെഡിമെന്ററി ജിയോളജി ആന്‍ഡ് തെത്യന് ജിയോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം, മെഡോഗ് ഡാം നിര്‍മിക്കുന്ന സ്ഥലത്തിന് തൊട്ടുതാഴെയായി അതീവ സജീവമായ ‘പൈഷെന്‍ ഫോള്‍ട്ട്’ എന്ന ഭ്രംശരേഖ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയും ചൈനയും തമ്മില്‍ ജലവിവരങ്ങള്‍ യഥാസമയം പങ്കുവയ്ക്കുന്ന സമഗ്രമായ നദീജല പങ്കിടല്‍ കരാറിന്റെ അഭാവം മെഡോഗ് ഡാം വിഷയത്തിലെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നു. ഭൂകമ്പസാധ്യതയേറിയ മേഖലയിലാണ് ഈ ‘ജലബോംബ്’ സ്ഥിതി ചെയ്യുന്നത് എന്നത് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ഇന്ത്യയുടെ ആശങ്കകള്‍
ടിബറ്റില്‍നിന്ന് ഒഴുകിയെത്തുന്ന യാര്‍ലുങ് സാങ്പോ നദി അരുണാചല്‍ പ്രദേശില്‍ ‘സിയാങ്’ എന്നും, ആസാമിലൂടെ ഒഴുകുമ്പോള്‍ ‘ബ്രഹ്മപുത്ര’ എന്നും അറിയപ്പെടുന്നു. തുടര്‍ന്ന് ഇത് ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്നു. നാംച ബര്‍വ പര്‍വതത്തിനുചുറ്റും നദി വലിയൊരു ‘യു-ടേണ്‍’ എടുക്കുന്ന അതീവ ദുര്‍ഘടമായ മലയിടുക്കിലാണ് ചൈന ഈ മെഗാ ഡാം നിര്‍മിക്കുന്നത്. ഈ മേഖലയില്‍ അഞ്ച് ഹൈഡ്രോ പവര്‍ സ്റ്റേഷനുകള്‍ ശ്രേണിയായി നിര്‍മിക്കാനാണ് ചൈനയുടെ പദ്ധതി.
ഡാം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബ്രഹ്മപുത്രയിലെ ജലപ്രവാഹം നിയന്ത്രിക്കാനുള്ള അധികാരം പൂര്‍ണമായും ചൈനയുടെ കൈകളിലാകും. ബ്രഹ്മപുത്രയിലെ ഭൂരിഭാഗം ജലവും ഇന്ത്യയിലെ പോഷകനദികളില്നിന്നാണ് എത്തുന്നതെങ്കിലും ഒഴുക്കിന്റെ അളവിലോ സമയത്തിലോ ചൈന വരുത്തുന്ന മാറ്റങ്ങള്‍ അരുണാചല്‍ പ്രദേശിനെയും ആസാമിനെയും സാരമായി ബാധിക്കും.
അതിശക്തമായ മഴയുള്ള സമയങ്ങളില്‍ ഡാമിലെ റിസര്‍വോയറുകളില്‍നിന്ന് വലിയതോതില്‍ വെള്ളം തുറന്നുവിട്ടാല്‍ താഴ്വാരങ്ങളില് വന്‍ പ്രളയത്തിന് കാരണമാകും. വേനല്‍ക്കാലത്ത് വെള്ളം തടഞ്ഞുവച്ചാല്‍ കൃഷി, മത്സ്യബന്ധനം, കുടിവെള്ള ലഭ്യത എന്നിവ താറുമാറാകും. അണക്കെട്ടില്‍നിന്ന് പെട്ടെന്ന് വെള്ളം ഒഴുക്കിവിട്ടാല്‍ സിയാങ് തീരത്തെ ആദിവാസി-ഗോത്ര ജനവിഭാഗങ്ങളുടെ നിലനില്പുതന്നെ അപകടത്തിലാകും.
അതിര്‍ത്തി കടന്നൊഴുകുന്ന നദികളില്‍ ചൈന നിര്‍മിക്കുന്ന കൂറ്റന്‍ ഡാമുകള്‍ ബെയ്ജിംഗിന് വലിയതോതിലുള്ള തന്ത്രപരമായ മുന്‍തൂക്കം നല്‍കുമെന്നത് ഇന്ത്യയുടെ പ്രധാന ആശങ്കകളിലൊന്നാണ്. ഇരുരാജ്യങ്ങളും പങ്കിടുന്ന നദികളുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചൈന നടത്തുന്ന വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്കെതിരേ ഇന്ത്യ നേരത്തേതന്നെ കടുത്ത എതിര്‍പ്പറിയിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള ജലവിതരണം ചൈന മനഃപൂര്‍വം പൂര്‍ണമായി തടസപ്പെടുത്തുമെന്നതിനേക്കാള്, തന്ത്രപ്രധാനമായ ഒരു നദിയുടെ നിയന്ത്രണം ചൈനയുടെ കൈകളിലെത്തുന്നത് താഴ്വാരങ്ങളിലേക്കുള്ള ജലപ്രവാഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കരുത്ത് നല്‍കുമെന്നതാണ് പ്രധാനമായും ആശങ്കപ്പെടുത്തുന്നത്.
ഈ സാഹചര്യം മുന്‍കൂട്ടി കണ്ട്, നദിയിലെ ജലപ്രവാഹത്തിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങളെ നേരിടാന്‍ ഇന്ത്യയും ശക്തമായ തയാറെടുപ്പുകള്‍ നടത്തുന്നുണ്ട്.
ടിബറ്റിലെ ചൈനയുടെ അണക്കെട്ട് നിര്‍മാണത്തെ പ്രതിരോധിക്കുന്നതിനും ജലപ്രവാഹം നിയന്ത്രിക്കുന്നതിനുമായി അരുണാചല്‍ പ്രദേശിലെ സിയാങ് നദിയില്‍ 11,000 മെഗാവാട്ട് ശേഷിയുള്ള ‘സിയാങ് അപ്പര്‍ മള്‍ട്ടിപര്‍പ്പസ് പ്രോജക്ട്’ എന്ന ഭീമന് പദ്ധതിയുമായി ഇന്ത്യ മുന്നോട്ടുപോകുകയാണ്.