കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‍റെ വാര്‍ത്താസമ്മേളനം മുടങ്ങാനിടയായ സംഭവത്തില്‍ വിശദീകരണം നല്‍കാനൊരുങ്ങി ജിസിഡിഎ. വിഷയത്തില്‍ ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള മാധ്യമങ്ങളോട് കാര്യം വിശദീകരിച്ചേക്കും. ഇന്ത്യന്‍ ടീം കോച്ചിനെയും താരങ്ങളെ പുറത്താക്കിയതില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ജിസിഡിഎ വിശദീകരണം നല്‍കാന്‍ ഒരുങ്ങുന്നത്.
മാര്‍ച്ച് 31ന് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ഹോങ്കോംഗ് എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി വ്യാഴാഴ്ചയായിരുന്നു വാര്‍ത്താസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. വാര്‍ത്താ സമ്മേളനത്തിനായി എത്തിയ ഇന്ത്യന്‍ സംഘത്തെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.
വ്യാഴാഴ്ച മൂന്നിന് ആയിരുന്നു വാര്‍ത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. കോച്ച് ഖാലിദ് ജമീലും ടീമിലെ മലയാളി താരങ്ങളും ദേശീയ ടീമിലെ അംഗങ്ങളുമായ ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുള്‍ സമദ്, ബിജോയ് വര്‍ഗീസ് എന്നിവരുമുണ്ടാകുമെന്നും കെഎഫ്എ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
മത്സരത്തിന് മുന്നോടിയായി നല്‍കേണ്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചില്ല എന്ന കാരണത്താലാണ് ഇവരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാതിരുന്നത്. കഴിഞ്ഞ മാസം കേരള ബ്ലാസ്റ്റേഴ്സിന്‍റെ വാര്‍ത്താ സമ്മേളനവും ജിസിഡിഎ തടഞ്ഞിരുന്നു.
കോച്ചായിരുന്ന ഡേവിഡ് കറ്റാലയും ഇന്ത്യന്‍ താരം റൗളിന്‍ ബോര്‍ഗസും ഉള്‍പ്പെടെയുള്ള ബ്ലാസ്റ്റേഴ്സ് സംഘത്തെയാണ് പത്രസമ്മേളനം നടക്കുന്ന മുറിയില്‍ നിന്നും ഇറക്കിവിട്ടത്. പണം അടച്ചില്ലെന്ന് പറഞ്ഞായിരുന്നു ജിസിഡിഎ പ്രവേശനം നിഷേധിച്ചത്.