ന്യൂയോർക്ക്: ഗ്രാൻഡ് ചെസ് ടൂർ ചാമ്പ്യനായി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ. സെന്റ് ലൂയിസിൽ നടന്ന ഫൈനലിൽ ഫാബിയോ കരുവാനയെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ കിരീടം സ്വന്തമാക്കിയത്. ഇതോടെ ഗ്രാൻഡ് ചെസ് ടൂർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും പ്രഗ്നാനന്ദയ്ക്ക് സ്വന്തമായി.
സെന്റ് ലൂയിസ് ചെസ് ക്ലബിൽ നടന്ന ഫൈനലിന്റെ അവസാനദിവസം ആറ് പോയിന്റിന്റെ ലീഡോടെയാണ് ഫാബിയോ കരുവാന മത്സരം ആരംഭിച്ചത്. എന്നാൽ നിർണായക ഘട്ടത്തിൽ മികച്ച തിരിച്ചുവരവ് നടത്തിയ പ്രഗ്നാനന്ദ രണ്ട് റാപ്പിഡ് ഗെയിമുകളിലും വിജയം നേടി മത്സരത്തിന്റെ ഗതി മാറ്റി.
തുടർന്ന് 15-13 എന്ന സ്കോറിനാണ് പ്രഗ്നാനന്ദ കിരീടം ചൂടിയത്. വിജയത്തോടെ 2,00,000 യുഎസ് ഡോളർ (ഏകദേശം 1.91 കോടി രൂപ) സമ്മാനത്തുകയും പ്രഗ്നാനന്ദ സ്വന്തമാക്കി. ഗ്രാൻഡ് ചെസ് ടൂറിൽ ഫിലിപ്പിനോ-അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ വെസ്ലി സോ മൂന്നാം സ്ഥാനം നേടി.