കൊച്ചി: കാര്ഷികമേഖലയിലെ സംരംഭകത്വം, നൂതനാശയങ്ങള്, സാങ്കേതികവിദ്യ എന്നിവയ്ക്കു പ്രാധാന്യം നല്കി കേരള കാര്ഷിക സര്വകലാശാലയുമായി സഹകരിച്ച് ടൈ കേരള അഗ്രികോണ് 2026 സംഘടിപ്പിച്ചു.
കേരള കാര്ഷിക സര്വകലാശാലയില് നടന്ന പരിപാടി വൈസ് ചാന്സലര് ഡോ. ടി സജിത റാണി ഉദ്ഘാടനം ചെയ്തു. ടൈ കേരള മുന് പ്രസിഡന്റ് ശിവദാസ് ബി. മേനോന് മുഖ്യപ്രഭാഷണം നടത്തി.
ചേതന ഫോര്മുലേഷന്സ് മാനേജിംഗ് ഡയറക്ടര് ദാമോദര് അവനൂര്, ഇസാഫ് സ്മോള് ഫിനാന്സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. പോള് തോമസ്, കേരള കാര്ഷിക സര്വകലാശാല ഡീന് ഡോ. കെ. സുരേന്ദ്ര ഗോപാല് തുടങ്ങിയവര് പ്രസംഗിച്ചു. കൈനാടി പ്ലാന്റേഷന്സ് സംരംഭകന് റോഷന് കൈനാടി സ്വാഗതവും റാഫ്താര് അഗ്രിബിസിനസ് ഇന്കുബേറ്റര് ഹെഡ് ഡോ. കെ.പി. സുധീര് നന്ദിയും പറഞ്ഞു.
കൃഷി ഒരു സംരംഭം എന്ന വിഷയത്തില് നടന്ന ചര്ച്ചയില് സിജിഎച്ച് എര്ത്ത് സഹസ്ഥാപകന് ജോസ് ഡൊമിനിക് മോഡറേറ്ററായിരുന്നു. കേരള കാര്ഷിക സര്വകലാശാലയിലെ ഇ-ലേണിംഗ് ഡയറക്ടര് ഡോ. ബെറിന് പത്രോസ്, കൈനാടി പ്ലാന്റേഷന്സ് അഗ്രിപ്രണര് റോഷന് കൈനാടി, പ്രസിദ്ധി കമ്യൂണിക്കേഷന്സ് സിഇഒ രാം മോഹന് പാലിയത്ത് എന്നിവര് പാനലിസ്റ്റുകളായിരുന്നു. കാര്ഷിക മൂല്യവര്ധിത ഉത്പന്നങ്ങള്, കാര്ഷികസംരംഭങ്ങളിലെ പുതിയ ബിസിനസ് സാധ്യതകള്, കാര്ഷിക ധനസഹായം, കാര്ഷിക സാങ്കേതികവിദ്യ, യന്ത്രവത്കരണം തുടങ്ങിയ വിഷയങ്ങളില് പ്രത്യേക സെഷനുകളും സംഘടിപ്പിച്ചു. ഫെഡറല് ബാങ്ക് കാര്ഷികവിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കണ്ട്രി ഹെഡുമായ കെ.ജി. ചിത്രഭാനു കാര്ഷിക ധനകാര്യത്തെക്കുറിച്ച് സംസാരിച്ചു. സ്റ്റാർട്ടപ്പ് ചലഞ്ചിൽ എസ്4 സെൻസിംഗ് വിജയിയായി. കൗ കോളർ എഐയാണു റണ്ണറപ്പ്.
ജോസഫ് കള്ളിവയലില്, നീതു രാജശേഖരന്, ഡോ. കെ.പി. സുധീര്, ഇഹ്സാന പരാരി, മരിയ കുര്യാക്കോസ്, സുഭാഷ് കോറോത്ത്, കെ.എന്. അയ്യര്, ദാമോദര് അവനൂര്, ശിവാജി, കൃഷ്ണന് നീലകണ്ഠന്, ദേവിക ചന്ദ്രശേഖരന്, രവീന്ദ്രനാഥ് കാമത്ത്, ഡോ. ബിനു പി. ബോണി എന്നിവര് വിവിധ സെഷനുകളില് സംസാരിച്ചു. ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് സമാപന പ്രസംഗം നടത്തി.