ഉപ്പുതറ: വാഗമൺ ഭൂമി കൈയേറ്റത്തെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി. പീരുമേട് ഭൂരേഖ തഹസിൽദാർ ആർ. ഹരിന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈയേറ്റ ഭൂമി സന്ദർശിച്ചത്. സംഘം അടുത്ത ദിവസം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും.
വാഗമൺ മൊട്ടക്കുന്നിലെ നാല് പട്ടയങ്ങൾ സംബന്ധിച്ചാണ് റവന്യൂ സംഘം പരിശോധന നടത്തുന്നത്. രേഖകൾ പരിശോധിച്ച് ഈ പട്ടയങ്ങളുടെ നിയമസാധുത കണ്ടെത്തും.
2012ൽ കൈയേറ്റം ഒഴിപ്പിച്ച് സർക്കാർ തിരിച്ചുപിടിച്ച ഭൂമിയിൽ വീണ്ടും കൈയേറ്റം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ സർവേ നടത്തുമെന്നും റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇടുക്കി ജില്ലയിലെ ഭൂമി കൈയേറ്റവും വ്യാജപ്പട്ടയവും അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി. വാഗമൺ, മൂന്നാർ, ചിന്നക്കനാൽ, പരുന്തുംപാറ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ കൈയേറ്റങ്ങളും അനധികൃതമായി നൽകിയ പട്ടയങ്ങളും സംഘം പരിശോധിക്കും.