വട്ടിയൂർക്കാവ്: കാലാവധി കഴിഞ്ഞ ഇൻഷ്വറൻസ് പോളിസി പുതുക്കി നൽകാമെന്നു വിശ്വസിപ്പിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
തിരുവനന്തപുരം വലിയവിള സ്വദേശിയും റിട്ട. കോളജ് അധ്യാപകനുമായ ഡോ. അനിൽ കുമാറിന്റെ ഒരു ലക്ഷം രൂപയാണ് ഇൻഷ്വറൻസ് പോളിസി പുതുക്കി നൽകാമെന്ന് പറഞ്ഞ് വ്യാജ ടെലിഫോൺ കോളിന്റെ സഹായത്തോടുകൂടി കവർന്നത്. ഐസിഐസിഐ പ്രുഡൻഷ്യൽ ഇൻഷ്വറൻസ് കമ്പനിയുടെ പേരു പറഞ്ഞായിരുന്നു തട്ടിപ്പ്. റോഷ്നി ശർമ എന്നു സ്വയം പരിചയപ്പെടുത്തിയ യുവതിയാണ് അധ്യാപകനെ ഫോണിൽ ബന്ധപ്പെട്ടത്. 2017-ൽ എടുത്ത പോളിസി ലാപ്സായെന്നും അതു പുതുക്കാൻ അവസരമുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് അനുരാധ ജെയ്ൻ എന്ന ഉദ്യോഗസ്ഥയുടെ നമ്പർ നൽകുകയും ഐആർഡിഎഐയുടെ സ്ഥിരീകരണം ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്തു. പോളിസി പുതുക്കുന്നതിനു രണ്ടുതവണത്തെ പ്രീമിയം തുകയായ ഒരു ലക്ഷം രൂപ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു.
ഐസിഐസിഐ ബാങ്കിന്റെ ചിഹ്നവും വിവരങ്ങളും അടങ്ങിയ ലെറ്റർപാഡും വ്യാജ വാട്ട്സ്ആപ്പ് പ്രൊഫൈലുകളും കാണിച്ചാണ് തട്ടിപ്പുകാർ വിശ്വാസ്യത സൃഷ്ടിച്ചത്. ഇതിനുശേഷം പരാതിക്കാരൻ വഴുതക്കാട് ബ്രാഞ്ചിൽനിന്ന് തുക ഇവരുടെ അക്കൗണ്ടിലേക്കു കൈമാറുകയായിരുന്നു. എന്നാൽ പിന്നീട് പോളിസി പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് അറിയിപ്പോ കോളോ വന്നില്ല. സംശയത്തിന്റെ പേരിൽ സുഹൃത്തുമായി സംസാരിച്ചപ്പോഴാണ് അനിൽ കുമാറിനു കബളിപ്പിക്കപ്പെട്ട വിവരം മനസിലായത്. തുടർന്നു പരാതി നൽകി. സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.