ഏഴിമല: ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാഡമി ഏഴിമല കടലില്‍ സംഘടിപ്പിച്ച 14-ാമത് അഡ്മിറല്‍സ് കപ്പ് അന്താരാഷ്ട്ര പായ് വഞ്ചിയോട്ട മത്സരത്തിൽ ഇന്ത്യ ജേതാക്കൾ. ഇന്ത്യൻ ടീമുകളായ ഐഎൻഎ ഒന്നാം സ്ഥാനവും എൻഡിഎ രണ്ടാം സ്ഥാനവും നേടി. ഒന്‍പതു മുതൽ 13 വരെയുള്ള ദിവസങ്ങളിലായിരുന്നു മത്സരം.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള മുപ്പത് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇന്ത്യന്‍ നേവൽ അക്കാഡമിക്കു വേണ്ടി കേഡറ്റ് ഇന്ദുശങ്കറും കേഡറ്റ് ഹിമാന്‍ഷുവും പ്രതിനിധീകരിച്ച ടീം അഡ്മിറല്‍സ് കപ്പ് സ്വന്തമാക്കി. ഇന്ത്യയുടെ എന്‍ഡിഎക്കുവേണ്ടി കേഡറ്റ് അമാനും കേഡറ്റ് കാര്‍ത്തികേയനും പ്രതിനിധീകരിച്ച ടീം രണ്ടാം സ്ഥാനവും നേടി. കേഡറ്റ് ടൈമണും കേഡറ്റ് മിലോഷും പ്രതിനിധീകരിച്ച പോളണ്ടാണ് മൂന്നാം സ്ഥാനത്ത്.
പുരുഷ വ്യക്തിഗത വിഭാഗത്തില്‍ ഇറ്റലിയുടെ മാക്സിം ആദ്യ സ്ഥാനവും, ഇസ്രയേല്‍ കേഡറ്റ് ടോമര്‍ രണ്ടാം സ്ഥാനവും ഗ്രീസിന്റ് കേഡറ്റ് പാപനികിറ്റാസ് മൂന്നാം സ്ഥാനവും നേടി. വനിതാ വ്യക്തിഗത വിഭാഗത്തില്‍ റഷ്യയുടെ കേഡറ്റ് പോളിനയ്ക്കാണ് ഒന്നാം സ്ഥാനം. ന്യൂസിലാന്‍ഡിലെ കേഡറ്റ് ആന്‍ഡ്രിയ രണ്ടാം സ്ഥാനവും, ഫിലിപ്പിന്‍സിലെ കേഡറ്റ് ജെന്റൽ മൂന്നാം സ്ഥാനവും നേടി.
ഇന്ത്യന്‍ നേവല്‍ അക്കാഡമി കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ മനീഷ് ചദ്ധ സമാപനച്ചടങ്ങില്‍ വിജയികള്‍ക്ക് അഡ്മിറല്‍സ് കപ്പ്, റണ്ണേഴ്സ്-അപ്പ് ട്രോഫി, വ്യക്തിഗത പുരസ്കാരങ്ങള്‍ എന്നിവ സമ്മാനിച്ചു. 2010-ല്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായ മത്സരംമായിരുന്നു ഇത്. മത്സരങ്ങള്‍ക്കൊപ്പം മൗണ്ട് ദില്ലിയിലേക്കുള്ള ഫിറ്റ്നസ് ട്രെക്ക്, ഇന്ത്യയുടെ പാരമ്പര്യങ്ങളുടെ കലാരൂപങ്ങള്‍, സാംസ്കാരിക പരിപാടികള്‍, സംഗീതം, നൃത്തം എന്നിവയും അവതരിപ്പിക്കപ്പെട്ടു.