വാഷിംഗ്ടൺ ഡിസി: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നിരന്തരം ആക്രമണം നടത്തുന്ന ആര്‍എസ്എസിനെതിരേ ഉപരോധമേര്പ്പെടുത്തണമെന്ന് ട്രംപ് ഭരണകൂടത്തോട് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്.
ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിനെയും (റോ) ഉപരോധപട്ടികയില്‍ ഏര്‍പ്പെടുത്തണമെന്നും പാനലിന്റെ ശിപാര്‍ശയുണ്ട്. ഉപരോധത്തിന്റെ ഭാഗമായി ഇവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും യുഎസിലേക്കുള്ള പ്രവേശനം വിലക്കാനും പാനല്‍ ശിപാര്‍ശ ചെയ്തു.
ഈ മാസം നാലിന് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കമ്മീഷന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. യുഎസ് പൗരന്മാര്ക്കും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കും നേരേയുള്ള ഭീഷണികള്‍ തുടരുന്ന സാഹചര്യത്തില്‍ ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 6 കര്‍ശനമായി നടപ്പാക്കാനും ഇന്ത്യക്കുള്ള ആയുധവില്പന നിര്‍ത്തിവയ്ക്കാനും കമ്മീഷന് ആവശ്യപ്പെട്ടു.
വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍എ), യുഎപിഎ, സിഎഎ, എന്‍സിആര്‍, 2025ലെ വഖഫ് ബില്‍ തുടങ്ങി മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള നിരവധി വിവേചനപരമായ നിയമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതായി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം, യുഎസ് മതസ്വാതന്ത്ര്യ കമ്മീഷൻ റിപ്പോർട്ടിനെയും അതിലെ ഇന്ത്യയെക്കുറിച്ചുള്ള പരാമർശങ്ങളെയും തള്ളുന്നതായി കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
റിപ്പോർട്ടിനെയും അതിൽ ഇന്ത്യക്കെതിരായ ആക്ഷേപത്തെയും സർക്കാർ നിരാകരിക്കുന്നു. കമ്മീഷൻ റിപ്പോർട്ടിൽ രാജ്യത്തിന്റെ വികലമായ ചിത്രമാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.