ടെഹ്റാൻ: പശ്ചിമേഷ്യയെ സമ്പൂർണ യുദ്ധത്തിലേക്ക് തള്ളിവിട്ട് അമേരിക്കൻ കപ്പലിന് നേരെ ഇറാൻ ആക്രമണം. ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ കടുത്ത ഉപരോധം ഇന്ന് നിലവിൽ വരാനിരിക്കെയാണ് മേഖലയെ പിടിച്ചുകുലുക്കിയ പുതിയ സംഭവവികാസങ്ങൾ.
ഇറാന് കനത്ത പ്രഹരമേൽപ്പിക്കുമെന്നും ഹോർമുസിൽ ആക്രമണം നടത്താനുള്ള അവരുടെ ശേഷി ദുർബലപ്പെടുത്തുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അമേരിക്കൻ കപ്പൽ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടത്.
അതിനിടെ മധ്യ ഇറാനിലെ സാഗ്രോസ് പർവത നിരകളിൽ ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷിതമായ പിക്കാക്സ് ആണവകേന്ദ്രം ആക്രമിക്കുമെന്ന കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
എന്നാൽ ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന കടുത്ത നിലപാടിലാണ് ഇറാൻ. കടലിടുക്കിന്റെ കാവൽക്കാർ തങ്ങളായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. മേഖലയിലെ യുദ്ധസമാനമായ അന്തരീക്ഷം വഷളാക്കിക്കൊണ്ട് യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സന വിമാനത്താവളത്തിനുനേരെയും കനത്ത ആക്രമണമുണ്ടായി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ സർക്കാർ ഏറ്റെടുത്തു. ഇറാനിൽ നിന്നുള്ള വിമാനങ്ങൾ യെമനിൽ ഇറങ്ങുന്നത് തടയാനാണ് വിമാനത്താവളത്തിന് നേരെ അടിയന്തര ആക്രമണം നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.