ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഛിന്നഗ്രഹങ്ങൾ ചിലപ്പോഴൊക്കെ വലിയ വെല്ലുവിളികൾ ഉയർത്തുന്നവയാണ്. നമ്മുടെ ഗ്രഹത്തിനു സമീപത്തുകൂടി നിരവധി ധൂമകേതുക്കൾ കടന്നുപോകാറുണ്ട്. അവയെല്ലാം ബഹിരാകാശഗവേഷകർ നിരീക്ഷിക്കാറുണ്ട്. ആശങ്കയുണർത്തുന്ന ഛിന്നഗ്രഹങ്ങളും അക്കൂട്ടത്തിൽപ്പെടുന്നു. ലക്ഷക്കണക്കിനു കിലോമീറ്റർ അകലത്തിലാണു സഞ്ചാരപഥമെങ്കിലും ഗൗരവമായിത്തന്നെയാണ് ശാസ്ത്രലോകം ഇതിനെയെല്ലാം നോക്കിക്കാണുന്നത്.
ഒരു ഫുട്ബോൾ മൈതാനത്തിന്റെ വലിപ്പം മാത്രമുള്ള ഛിന്നഗ്രഹത്തിനു വൻ നഗരങ്ങളെപ്പോലും നാമാവശേഷമാക്കാൻ കഴിയുമെന്ന് ബഹിരാകാശ ഗവേഷകർ പറയുന്നു. പലപ്പോഴും ഛിന്നഗ്രഹങ്ങളെ കണ്ടെത്തുക പ്രയാസകരമാണ്. ഇരുണ്ടതും കറഞ്ഞ അളവിൽ പ്രകാശം പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഇവയെ തിരിച്ചറിയുക ശ്രമകരമാണ്.
എന്നാൽ ഭൂമിക്കുനേരേ വരുന്ന, അപകടം വിതയ്ക്കാവുന്ന സാഹചര്യത്തിൽ ഛിന്നഗ്രഹങ്ങളെ തകർക്കാൻ ആണവായുധങ്ങൾ ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. വൻ പ്രഹരശേഷിയോടെ എത്തുന്ന ഇവയെ പൂർണമായും തകർക്കാനുള്ള പരീക്ഷണങ്ങൾ നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. പ്രതിരോധത്തിന്റെ അവസാനനിരയായാണ് ആണവായുധം പ്രയോഗിക്കുക എന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
അമേരിക്കയിലെ ലോറൻസ് ലിവർമോർ നാഷണൽ ലാബോറട്ടറിയിലെ ജ്യോതിശാസ്ത്രജ്ഞനായ ഇസയ്യ സാന്റിസ്റ്റീവന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. 160 മീറ്റർ വീതിയുള്ള ഛിന്നഗ്രഹത്തിനെതിരേ ഒരു മെഗാടൺ ആണവായുധം ഉപയോഗിച്ചാൽ എന്തു സംഭവിക്കുമെന്ന് പഠിക്കാൻ കംപ്യൂട്ടർ സിമുലേഷൻ ഉപയോഗിക്കുകയായിരുന്നു ഗവേഷകർ.
ആണവായുധം ഛിന്നഗ്രഹത്തിൽ ഇടിക്കണമെന്നില്ല. മീറ്ററുകൾക്കകലെ വച്ചു പൊട്ടിത്തെറിച്ചാൽ മതി. സ്ഫോടനശേഷം ഉണ്ടാകുന്ന എക്സ് റേ എനർജി ചിന്നഗ്രഹത്തിന്റെ ഉപരിതലത്തിലെ താപനില ഉയർത്തുകയും തുടർന്നു തകർക്കുകയും ചെയ്യുന്നു.
ഗവേഷണങ്ങൾക്കായി മൂന്ന് ത്രീഡി സിമുലേഷനുകൾ ഗവേഷകർ സൃഷ്ടിച്ചു. നാസയുടെ OSIRIS-REx ദൗത്യത്തിൽ വിശദമായി പഠിച്ച ബെന്നു എന്ന ഛിന്നഗ്രഹത്തെ അടിസ്ഥാനമാക്കിയാണ് അവർ സിമുലേറ്റഡ് ഛിന്നഗ്രഹത്തിന്റെ രൂപവും മറ്റും സൃഷ്ടിച്ചത്. 2013ൽ റഷ്യയിൽ പതിച്ച ചെല്യബിൻസ്ക്, 2018ൽ നൈജീരിയയിൽ പതിച്ച അബ പാനു ഉൽക്കാശില എന്നിവയിൽനിന്നുള്ള വിവരങ്ങളും ഗവേഷകർ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചു.
ആണവായുധങ്ങൾ പൂർണമായും ഫലപ്രദമോ
ഒരു സിമുലേഷനിൽ, 10 മീറ്റർ അകലെ വച്ചാണ് ആണവസ്ഫോടനം നടത്തിയത്. ഛിന്നഗ്രഹത്തിന്റെ 98.2 ശതമാനം ഭാഗവും നിശേഷം തകർന്നു. 97 ശതമാനം അവശിഷ്ടങ്ങൾ ഛിന്നഗ്രഹത്തിന്റെ ഗുരുത്വാകർഷണത്തിൽനിന്നു വിട്ടുപോകാനുള്ള വേഗതയേക്കാൾ കൂടുതൽ വേഗം കൈവരിച്ചെന്നും ഗവേഷകർ പറഞ്ഞു. രണ്ടാമത്തെ സ്ഫോടനം 25 മീറ്റർ അകലെവച്ചാണു നടത്തിയത്. ഇതിൽ വ്യാപകനാശമുണ്ടായി. കുറഞ്ഞ ഊർജം മാത്രമേ, എത്തിയുള്ളുവെങ്കിലും ഉപരിതലത്തിൽ വ്യാപകമായി എക്സ് റേ പതിച്ചു. എന്നിരുന്നാലും, പരീക്ഷണങ്ങളിൽ പരിമിതിയുണ്ട്. ഏറ്റവും ദൈർഘ്യമേറിയ സിമുലേഷൻ 145 മില്ലിസെക്കൻഡ് മാത്രമായിരുന്നു. 1,680 കംപ്യൂട്ടർ പ്രോസസറുകൾ ഉപയോഗിച്ച് പരീക്ഷണം പൂർത്തിയാക്കാൻ 59 ദിവസമെടുത്തു. അതുകൊണ്ട്, കൂടുതൽ കാലം ഛിന്നഗ്രഹത്തിന് എന്തു സംഭവിക്കുമെന്നു കണ്ടെത്താൻ ഗവേഷകർക്കു കഴിഞ്ഞില്ല.
വിനാശകരമായ ക്ഷുദ്രഗ്രഹങ്ങളെ നേരിടാൻ ആണവായുധങ്ങൾ പൂർണമായും ഫലപ്രദമെന്ന് പറയാൻ കഴിയില്ലെന്ന് ഗവേഷകർ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, അപകടകരമായേക്കാവുന്ന ഛിന്നഗ്രഹങ്ങളുടെ പ്രതിരോധത്തിൽ അവസാന ആശ്രയമായി ആണവായുധങ്ങളെ ഉപയോഗിക്കാൻ കഴിയുമോ എന്നതിൽ പരീക്ഷണങ്ങൾ നിർണായക വിവരങ്ങൾ നൽകുന്നുവെന്ന് ഗവേഷകസംഘം വ്യക്തമാക്കി.