തിരുവനന്തപുരം: ജെഡിസി പരിശീലനത്തിൽ പങ്കെടുക്കുന്ന സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ ട്യൂഷൻ ഫീസും പരീക്ഷാ ഫീസും ഇനിമുതൽ സംസ്ഥാന സർക്കാർ അടയ്ക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ.
സംസ്ഥാനത്ത് ജെഡിസി പരിശീലനത്തിൽ പങ്കെടുക്കുന്ന സഹകരണ സംഘം ജീവനക്കാർ ശന്പളരഹിത അവധി എടുത്തും ട്യൂഷൻ ഫീസും, പരീക്ഷാ ഫീസും സ്വന്തമായി അടച്ചുമാണ് പരിശീലനം പൂർത്തീകരിച്ചിരുന്നത്.
മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന പ്രഫഷണൽ എജ്യൂക്കഷൻ ഫണ്ട് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ അപേക്ഷ പരിഗണിച്ചാണ് യോഗം ഈ തീരുമാനം കൈക്കൊണ്ടത്.
നിലവിലെ കണക്കനുസരിച്ചു പ്രതിവർഷം 400ൽ അധികംപേർ പരിശീലനത്തിന് എത്തുന്നത്. ഒരു കോടി രൂപയാണ് ഇതിനായി പ്രഫഷണൽ എജ്യൂക്കഷൻ ഫണ്ടിൽ നിന്നു നീക്കി വയ്ക്കുന്നതെന്നു മന്ത്രി അറിയിച്ചു.