ശ്രീനഗർ: കേരളത്തിൽ നിന്നുള്ള 13 അംഗ മാധ്യമസംഘത്തിന്‍റെ ഏഴുദിവസം നീളുന്ന ജമ്മു കാഷ്മീർ പഠന പര്യടനത്തിന് തുടക്കം. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ കൊച്ചിയുടെ നേതൃത്വത്തിലാണ് പര്യടനം.
കേന്ദ്രഭരണപ്രദേശമായ ജമ്മു കാഷ്മീരിലെ വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസനങ്ങൾ, നേട്ടങ്ങൾ എന്നിവ നേരിട്ട് കണ്ട് മനസിലാക്കാൻ കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് അവസരമൊരുക്കുക എന്നതാണ് പര്യടനത്തിന്‍റെ ലക്ഷ്യം.
ദീപിക പ്രതിനിധിയായി സബ് എഡിറ്റർ ജയ്സൺ ജോയി ആണ് സംഘത്തിലുള്ളത്. പര്യടനത്തിന്‍റെ ആദ്യദിനം മാധ്യമസംഘം ശ്രീനഗറിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഓഫീസ് സന്ദർശിച്ചു. പിഐബി ശ്രീനഗർ ഡയറക്റ്റർ ഖാസി സൽമാൻ മാധ്യമപ്രവർത്തകരെ സ്വീകരിച്ചു. തുടർന്ന് സംഘം ബാരാമുള്ള ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗ് സന്ദർശിച്ചു.