മെൽബൺ: ലോക ഒന്നാം നന്പർ താരങ്ങൾ മൂന്നാം റൗണ്ടിൽ പ്രവേശിച്ച് ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് എട്ടാം ദിനം അട്ടിമറികളില്ലാതെ കടന്നുപോയി. പുരുഷ സിംഗിൾസിൽ ഒന്നാം നന്പറായ കാർലോസ് അൽകരാസ്, മൂന്നാം സ്ഥാനക്കാരൻ അലക്സാണ്ടർ സ്വരേവ്, ആറാമൻ അലക്സ് ഡി മ്യുനർ എന്നിവരും വനിതാ സിംഗിൾസിൽ ഒന്നാം റാങ്കുകാരി അരീന സബലെങ്ക, കൊക്കോ ഗൗഫ്, ജാസ്മിൻ പൗളിനി എന്നിവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.
പുരുഷ സിംഗിൾസ്
ആദ്യ സെറ്റിൽ ശക്തമായ വെല്ലുവിളി അൽകരാസ് നേരിട്ടു. ഒടുവിൽ യാന്നിക് ഹാമന്നിൽ നിന്ന് 7-6ന് സെറ്റ് സ്വന്തമാക്കി. 6-3, 6-2 സ്കോറിന് തുടർന്നുള്ള സെറ്റുകൾ നേടി മൂന്നാം റൗണ്ടിലും കടന്നു. മഴയും പരിക്കും വില്ലനായ മത്സരത്തിൽ അലക്സാണ്ടർ സ്വരേവ് നാല് സെറ്റ് പോരാട്ടത്തിൽ (6-3, 4-6, 6-3, 6-4) അലക്സാഡ്രെ മ്യുള്ളറിനെ വീഴ്ത്തി. 40 മിനിറ്റ് മഴ നഷ്ടപ്പെടുത്തിയ മത്സരത്തിൽ സ്വരേവ് ആദ്യ സെറ്റ് നഷ്ടമാക്കിയശേഷം തുടർന്നുള്ള മൂന്നു സെറ്റുകൾ സ്വന്തമാക്കിയാണ് മൂന്നാം റൗണ്ടിൽ കടന്നത്. അലക്സാണ്ടർ ബുബ്ലിക്, ഡാനിൽ മെദ്വദേവ് എന്നിവരും മൂന്നാം റൗണ്ടിൽ കടന്നു.
വനിതാ സിംഗിൾസ്
സ്യൂസ്വാൻ ബായ്യെ 6-3, 6-1 ന് തകർത്ത് സബലെങ്ക അനായാസം മൂന്നാം റൗണ്ട് പ്രവേശനം നേടി. കൊക്കോ ഗൗഫ് 6-2, 6-2ന് ഒൽഗ ഡാനിലോവിക്കിനെ വീഴ്ത്തിയപ്പോൾ ജാസ്മിൻ പൗളിനി 6-2, 6-3ന് മഗ്ദലേന ഫ്രെച്ചിനെയും മിറ ആൻഡ്രീവ മരിയ സക്കാരിയെയും വീഴ്ത്തി മൂന്നാം റൗണ്ടിൽ കടന്നു.
പുരുഷ സിംഗിൾസിൽ ഇന്ന് യാന്നിക് സിന്നർ, നൊവാക് ജോക്കോവിച്ചടക്കമുള്ള താരങ്ങളും വനിതാ സിംഗിൾസിൽ ഇഗ ഷ്യാങ്ടെക്, അമാൻണ്ട അനിസിമോവ, മാഡിസണ്‍ കീസ് തുടങ്ങിയ മുൻനിരക്കാരും കോർട്ടിലെത്തും.