ബെർലിൻ: ജർമനിയിലെ ഭരണകക്ഷിയായ സിഡിയു / സിഎസ്യു പാർലമെന്ററി ഗ്രൂപ്പ് നേതാവ് യെൻസ് സ്പാൻ അപ്രതീക്ഷിതമായി രാജിവച്ചതിനെ തുടർന്ന് ചാൻസലർ ഫ്രിഡ്രിഷ് മെർട്സ് മന്ത്രിസഭയിലും പാർട്ടി നേതൃത്വത്തിലും വൻ അഴിച്ചുപണി പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച രാവിലെ ബെർലിനിലെ ചാൻസലറിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പുതിയ നിയമനങ്ങൾ മെർട്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ജർമനിയിൽ നിയമവിരുദ്ധവും സിഡിയു ശക്തമായി എതിർക്കുന്നതുമായ വാടകഗർഭധാരണം വഴി അമേരിക്കയിൽ വച്ച് തനിക്കും പങ്കാളിക്കും കുഞ്ഞ് ജനിച്ച സംഭവം വിവാദമായതിനെ തുടർന്നാണ് യെൻസ് സ്പാൻ സിഡിയു / സിഎസ്യു പാർലമെന്ററി ഗ്രൂപ്പ് നേതൃസ്ഥാനം രാജിവച്ചത്.
പ്രധാന നിയമനങ്ങൾ
തോർസ്റ്റൻ ഫ്രെയ്: നിലവിലെ ചാൻസലറി ചീഫ് സ്ഥാനം ഒഴിഞ്ഞ് സിഡിയു / സിഎസ്യു പാർലമെന്ററി ഗ്രൂപ്പിന്റെ പുതിയ നേതാവാകും.
നീന വാർക്കൻ: നിലവിലെ ഫെഡറൽ ആരോഗ്യ മന്ത്രിയായ നീന വാർക്കൻ പുതിയ ചാൻസലറി ചീഫായി നിയമിതയാകും. ജർമൻ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയെന്ന നേട്ടവും അവർ സ്വന്തമാക്കും.
കാർസ്റ്റൻ ലിന്നെമാൻ: സിഡിയു ജനറൽ സെക്രട്ടറി കാർസ്റ്റൻ ലിന്നെമാൻ പുതിയ ഫെഡറൽ ആരോഗ്യ മന്ത്രിയായി ചുമതലയേൽക്കും.
ഫിലിപ്പ് അംതോർ: ഫെഡറൽ-സംസ്ഥാന ഏകോപന ചുമതലയുള്ള മന്ത്രിയായി നിയമിതനാകും.
പുതിയ മന്ത്രിമാരുടെ ഔദ്യോഗിക നിയമന ബുധനാഴ്ച നടക്കും. സെപ്റ്റംബറിൽ ചേരുന്ന ബുണ്ടെസ്റ്റാഗിന്റെ ആദ്യ സമ്മേളനവാരത്തിൽ അവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
വരും ദിവസങ്ങളിൽ മന്ത്രിസഭയിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും ചാൻസലർ മെർട്സ് വ്യക്തമാക്കി.
ജനപ്രീതി തിരിച്ചുപിടിക്കാനുള്ള നീക്കം
അധികാരത്തിലെത്തി ഒരു വർഷം പിന്നിട്ടിട്ടും ജർമൻ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്ന വാഗ്ദാനങ്ങൾ പൂർണമായി നടപ്പാക്കാൻ സാധിക്കാത്തതിനെ തുടർന്ന് ചാൻസലർ മെർട്സിന്റെ ജനപ്രീതി ഗണ്യമായി ഇടിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മേയിൽ പുറത്തുവന്ന സർവേ പ്രകാരം സർക്കാരിന്റെ പ്രവർത്തനത്തിൽ വെറും 13 ശതമാനം ആളുകൾ മാത്രമാണ് സംതൃപ്തി രേഖപ്പെടുത്തിയത്.
തീവ്രവലതുപക്ഷ പാർട്ടിയായ എഎഫ്ഡി ജനപിന്തുണ വർധിപ്പിക്കുന്ന സാഹചര്യത്തിൽ പുതിയ മുഖങ്ങളെ മുൻനിരയിലിറക്കി സർക്കാരിന്റെയും പാർട്ടിയുടെയും പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ് ഈ അഴിച്ചുപണിയുടെ പ്രധാന ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.