തൃശൂർ: കേരള കോൺഗ്രസ് നേതാവും ഇരിങ്ങാലക്കുട എംഎൽഎയുമായ തോമസ് ഉണ്ണിയാടൻ പാർട്ടി നേതൃത്വവുമായി ഇടയുന്നു. മുൻ ചീഫ് വിപ്പായിരുന്ന അദ്ദേഹത്തിന് അർഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇതാണ് അതൃപ്തിക്ക് കാരണമെന്നാണ് സൂചന.
അധികാരത്തിലെത്തിയാൽ മന്ത്രിയാക്കണമെന്ന ആവശ്യം ഉണ്ണിയാടൻ പി.ജെ. ജോസഫിന് മുന്നിൽ ഉന്നയിച്ചിരുന്നെങ്കിലും മോൻസ് ജോസഫിനെയാണ് മന്ത്രിയാക്കിയത്. പകരം ചീഫ് വിപ്പ് സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും അപു ജോൺ ജോസഫിനാണ് ലഭിച്ചത്. ഇതോടെ മുതിർന്ന അംഗമെന്ന നിലയിൽ തന്നെ അവഗണിച്ചെന്ന പരാതിയും ഉണ്ണിയാടൻ പാർട്ടി വേദികളിൽ ഉന്നയിച്ചിരുന്നു.
ഇതിനിടെയാണ് ഉണ്ണിയാടന്റെ പരസ്യമായ ഇടപെടലുകൾ ശ്രദ്ധ നേടുന്നത്. കേരള കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷനിൽ എംഎൽഎ പങ്കെടുക്കാത്തതാണ് നിലവിലെ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. മണ്ഡലം കൺവെൻഷൻ നടത്തിയ അതേ ദിവസം തൃശൂരിൽ ഉണ്ണിയാടന്റെ നേതൃത്വത്തിൽ സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു
അതേസമയം ഇത് സുഹൃത്തുക്കൾ സംഘടിപ്പിച്ച പരിപാടിയാണെന്നും ഇതിന് പാർട്ടി പരിപാടിയുമായി ബന്ധമില്ലെന്നുമാണ് ഉണ്ണിയാടന്റെ വിശദീകരണം. 25 വർഷമായി എംഎൽഎയായി പ്രവർത്തിക്കുന്ന താൻ പാർട്ടിയിലെ സീനിയർ അംഗമാണെന്നും 50 വർഷമായി കേരള കോൺഗ്രസിൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞിരുന്നു.
ഇരിങ്ങാലക്കുടയിലെ മണ്ഡലം കൺവെൻഷനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന ഉണ്ണിയാടന്റെ പ്രതികരണം പാർട്ടിക്കുള്ളിലെ അകൽച്ച കൂടുതൽ വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ചീഫ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ആളാണ് ഉണ്ണിയാടൻ. അതേസമയം ഉണ്ണിയാടന്റെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി.