കോഴിക്കോട്: സംസ്ഥാനത്ത് വന്യജീവിശല്യം രൂക്ഷമാകാന്‍ കാരണം വനത്തിനകത്തെ സ്വാഭാവിക ആവാസ വ്യവസ്ഥയുടെ നാശമാണെന്ന് ആവര്‍ത്തിക്കുന്നതിനിടെ വരുമാനം മാത്രം ലക്ഷ്യമിട്ട് ഏഴായിരത്തിലധികം ഹെക്ട ര്‍ വനഭൂമി പ്ലാന്റേഷന് നടത്തിപ്പിനായി കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്പറേഷന് (കെഎഫ്ഡിസി) തുടര്‍ച്ചയായി വിട്ടുനല്‍കുന്ന സര്‍ക്കാരിന്റെ നടപടി വിമര്‍ശിക്കപ്പെടുന്നു.
നിലവില്‍ കെഎഫ്ഡിസിയുടെ കൈവശമുള്ള 7748.441 ഹെക്ടര്‍ വനഭൂമി 25 വര്‍ഷത്തേക്ക് കൂടി പാട്ടത്തിനു നല്‍കാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 2026 ജനുവരി ഒന്നു മുതല്‍ 2050 ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്കാണ് പാട്ടക്കരാര്‍ പുതുക്കി നല്‍കുന്നത്. 1989ലും 2003ലും നല്കിയ പാട്ട കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
സംസ്ഥാന സര്‍ക്കാര്‍ 2021ല്‍ സ്വാഭാവിക വന പുനഃസ്ഥാപന നയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎഫ്ഡിസിയുമായുള്ള പാട്ടക്കരാറില്‍ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കപ്പെട്ടിരുന്നു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ കാരണം വനഭൂമിയുടെ വിസ്തൃതിക്കുറവാണെന്ന് പറയുന്ന വനംവകുപ്പ് ഇത്തവണയെങ്കിലും കെഎഫ്ഡിസിയുടെ കൈവശമുള്ള കുറച്ചെങ്കിലും വനഭൂമി ഏറ്റെടുത്ത് സ്വാഭാവിക വനം പുനഃസ്ഥാപന നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
കേരളത്തിലെ വനഭൂമികളിലുള്ള, പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു കാരണമായേക്കാവുന്ന ഏകവിളത്തോട്ടങ്ങള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്ത് സ്വാഭാവിക വനമാക്കി മാറ്റുന്നതിന് 2021 ഡിസംബര്‍ 17നാണ് സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി പുനഃസ്ഥാപന നയം തയാറാക്കിയത്.
ഇത്തരത്തില്‍ വനം പുനഃസ്ഥാപന നയം തയാറാക്കി അംഗീകരിച്ച ആദ്യസംസ്ഥാനം കേരളമാണെന്നും വനംവകുപ്പ് അവകാശപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി 5635 ഹെക്ടര്‍ വനം പുനഃസ്ഥാപന പ്രവൃത്തികള്‍ നടപ്പാക്കിയിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ അവകാശവാദം.
വിവിധ ജില്ലകളിലായി ചന്ദനം, തേക്ക്, ഏലം, തേയില, റബര്‍, കുരുമുളക്, കാപ്പി, കശുമാവ് തുടങ്ങിയ പ്ലാന്റേഷനുകളും തടി, സോഫ്റ്റ്വുഡ് പരിപാലനം എന്നിവയുമാണ് കെഎഫ്ഡിസിക്ക് കോടികളുടെ വരുമാനം നല്‍കുന്നത്. ഗവി, നെല്ലിയാമ്പതി, മീശപ്പുലിമല, വാഗമണ്‍ എന്നിവിടങ്ങളിലായി അടുത്തിടെ കെഎഫ്ഡിസി വിനോദസഞ്ചാര പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.
കേരളത്തിന്റെ മൊത്തം വനമേഖലയുടെ 29 ശതമാനമാണ് കെഎഫ്ഡിസി പരിപാലിക്കുന്നത്.