മൂലമറ്റം: നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് മണ്‍തിട്ടയില്‍ ഇടിപ്പിച്ചു നിര്‍ത്തി. ഒഴിവായത് വന്‍ ദുരന്തം. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. കുമളിയില്‍നിന്ന് വാഗമണ്‍ വഴി തൊടുപുഴയ്ക്കു വന്ന ബസ് പുള്ളിക്കാനം ഡിസി കോളേജിനു സമീപമെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇവിടെ ഒരാള്‍ കൈകാണിച്ചതിനെത്തുടര്ന്നു ബസ് നിര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ബ്രേക്ക് നഷ്ടപ്പെട്ട വിവരം അറിയുന്നത്. മുന്നോട്ടുപോയാല്‍ വലിയ വളവും കൊക്കയുമുള്ളതിനാല് ഡ്രൈവര്‍ ബസ് തിട്ടയില്‍ ഇടിപ്പിച്ചുനിര്‍ത്തി വന്‍ അപകടം ഒഴിവാക്കുകയായിരുന്നു.
ബസ് തിട്ടയിലിടിച്ചതിനെത്തുടര്ന്നു നിരവധി യാത്രക്കാര്‍ക്കു പരിക്കേറ്റു. ഒരാള്‍ കോട്ടയത്തു ചികിത്സയിലാണ്. മറ്റുള്ളവരെ മൂലമറ്റം ബിഷപ് വയലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. മൂലമറ്റം- വാഗമണ്‍- കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ കാലപ്പഴക്കം വന്നവയാണെന്ന് ആക്ഷേപമുണ്ട്. കൊടുംവളവുകളും കുത്തനെകയറ്റവും ഇറക്കവുമുള്ള കൊക്ക നിറഞ്ഞ പ്രദേശത്തുകൂടി കാലപ്പഴക്കം ചെന്ന ബസ് സര്‍വീസ് നടത്തുന്നത് ഒഴിവാക്കണമെന്നും പുതിയ ബസുകള്‍ ഇവിടേക്ക് അനുവദിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സര്‍വീസ് നടത്തുന്നത്
കണ്ടംചെയ്യാറായ ബസുകള്‍
വാഗമണ്‍, കുമളി, ഇടുക്കി റൂട്ടുകളില്‍ ഓടുന്ന ഭൂരിഭാഗം കെഎസ്ആര്‍ടിസി ബസുകളും കാലപഴക്കം ചെന്നവയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 15 വര്‍ഷം കഴിഞ്ഞതും ഉപേക്ഷിക്കേണ്ടതുമായ ബസുകളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനകാര്‍, തൊഴിലാളികള്‍ തുടങ്ങിയവരാണ് കൂടുതല്‍ യാത്രക്കാരും. ഇതു വഴി ബസുകള്‍ കുറവായതിനാല്‍ യാത്രക്കാരുടെ എണ്ണവും കൂടുതലാണ്.
നിരവധി തവണ ബസുകള്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, പുതിയ ബസുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ അധികൃതര്‍ മെല്ലപ്പോക്ക് തുടരുകയാണ്. കാലപഴക്കം ചെന്ന ബസുകള്‍ നീക്കി പുതിയ ബസുകള്‍ ഈ റൂട്ടില്‍ അനുവദിക്കാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.