തിരുവനന്തപുരം: കോളജ് ഓഫ് എൻജിനീയറിംഗിനെ (സിഇടി) സാങ്കേതിക സർവകലാശാലയുടെ ഘടക കോളജാക്കി മാറ്റാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്നോട്ട്. ശക്തമായ പ്രതിഷേധങ്ങളും എതിർപ്പുകളും ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ മുൻ ഉത്തരവ് തിരുത്തിയത്.
കോളജിനെ ഘടക സ്ഥാപനമാക്കാനുള്ള തീരുമാനം അതിവേഗം നടപ്പാക്കാൻ മുൻപ് ചുമതലപ്പെടുത്തിയ ഉന്നതതല സമിതിയുടെ അധികാരപരിധിയാണ് പുതിയ ഉത്തരവിലൂടെ വെട്ടിച്ചുരുക്കിയിരിക്കുന്നത്. നേരത്തെ നേരിട്ട് ഉത്തരവ് നടപ്പാക്കാനായിരുന്നു നിർദേശമെങ്കിൽ പുതിയ ഉത്തരവ് പ്രകാരം സമിതി ഇനി വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തും.
സിഇടിയിലെ അധ്യാപകർ, വിദ്യാർഥികൾ, മറ്റ് വിദഗ്ധർ എന്നിവരുമായി വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമേ തുടർനടപടികൾ ഉണ്ടാകൂ. എല്ലാവരുടെയും അഭിപ്രായങ്ങൾ സമഗ്രമായി പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.