നേമം: കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു മരിച്ച കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ രാജേഷിനു നിറകണ്ണീരുകളോടെ കല്ലിയൂർ ഗ്രാമം വിടയേകി.
ഇന്നലെ രാവിലെ പതിനൊന്നരയോടെ രാജേഷിന്റെ മൃതദേഹം കല്ലിയൂർ തെറ്റിവിള പ്രാഥമികാരോഗ്യ കേന്ദ്രം വളപ്പിൽ പൊതുദർശനത്തിനുവച്ച ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടുമുറ്റത്ത് അനുജന്റെ കുഴിമാടത്തിനു സമീപമാണു സം സ്കരിച്ചത്. ഇന്നലെ രാവിലെ മുതൽ രാജേഷിന്റെ മൃതദേഹം ഒരു നോക്കു കാണാനും അന്ത്യഞ്ജലിയർപ്പിക്കാനും നിരവധി പേരാണ് എത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണു രാജേഷിന്റെ മൃതദേഹം സംഭവ സ്ഥലത്തിനു മൂന്നു കിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തിയത്. വൈകുന്നേര ത്തോടെ പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്കുശേഷം മൃതദേഹവുമായി കല്ലിയൂരിലേയ് ക്ക് തിരിക്കുകയായിരുന്നു. വരുന്ന വഴിയില്‍ തിരുവല്ലയില്വച്ചു വെള്ളക്കെട്ടുണ്ടായിരുന്ന ഭാഗത്തെത്തിയപ്പോള്‍ വെള്ളം കയറി ആംബലുന്‍സ് തകരാറിലായി. പിന്നീട് മറ്റൊരു ആംബുലന്‍സിലാണ് തിരുവനന്തപുരത്തേക്കു യാത്ര തുടർന്നത്. സംസ്കാരത്തിനു മുമ്പു മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരായ സണ്ണിജോസഫ്, പി.സി. വിഷ്ണുനാഥ് എന്നിവരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. തുടർന്നു വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വാസിപ്പിച്ചാണു മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയത്. ഔദ്യോഗിക ബഹുമതിയായി പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷമാണ് മൃതദേഹം സംസ്കരിച്ചത്.
രാജേഷിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധി പ്രമുഖരെത്തി. എംഎല്‍എമാരായ എം.വിൻസന്റ്, വി.ജോയി, കെ.എന്‍. ബാലഗോപാല്‍, സിപിഎം. നേതാക്കളായ മുന്‍മന്ത്രി വി.ശിവന്‍കുട്ടി, എം.വി. ജയരാജന്, ഇ.പി. ജയരാജന്, എം. വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്, വി.കെ. പ്രശാന്ത്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, റൂറല്‍ ജില്ല പ്രസിഡന്റ് മുക്കംപാലംമൂട് ബിജു, നെയ്യാറ്റിന്‍കര സനല്‍, ജില്ല പഞ്ചായത്തംഗം ആഗ്നസ് റാണി, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ, വൈസ് പ്രസിഡന്റ് കാക്കമൂല ബിജു, കെ.കെ. ചന്തുകൃഷ്ണ, എസ്. സോമശേഖരന്‍ നായര്‍, പി. രാജലക്ഷ്മി, കെ. വസുന്ധരൻ തുടങ്ങിയ നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.