സിനിമയിലെന്ന പോലെ യഥാർഥ ജീവിതത്തിലും പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വിവാഹിതരാകും എന്നു കരുതുന്ന നിരവധി പേരുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹമുണ്ടാകുമെന്നും പലപ്പോഴും വാർത്തകൾ പരന്നിട്ടുമുണ്ട്.
ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്നുമുള്ള ചർച്ചകൾക്ക് വീണ്ടും വിരാമമിട്ടിരിക്കുകയാണ് കല്യാണിയുടെ അമ്മ നടി ലിസി ലക്ഷ്മി. വിഷുദിനത്തിൽ ലിസി പങ്കുവച്ച ആശംസ പോസ്റ്റിന് താഴെ വന്ന ഒരു ആരാധകന്റെ കമന്റിനാണ് താരം നേരിട്ട് മറുപടി നൽകിയത്.
‘‘എല്ലാവർക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു! ഏവർക്കും ഐശ്വര്യപൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു’’ എന്നായിരുന്നു ലിസിയുടെ വിഷു പോസ്റ്റ്.
ഇതിന് താഴെയാണ് കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തത്. എന്നാൽ തൊട്ടുപിന്നാലെ ‘‘ഇതൊരു തെറ്റായ വാർത്തയാണ്’’ എന്ന് ലിസി മറുപടി നൽകി.
പ്രണവും കല്യാണിയും തമ്മിൽ കുട്ടിക്കാലം മുതലുള്ള സൗഹൃദം മാത്രമേയുള്ളൂ എന്ന് സംവിധായകൻ ആലപ്പി അഷറഫ് മുൻപ് വെളിപ്പെടുത്തിയത് ഈ സാഹചര്യത്തിൽ വീണ്ടും ശ്രദ്ധേയമാവുകയാണ്. ലിസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് അദ്ദേഹം അന്ന് പറഞ്ഞത് ഇങ്ങനെ,
‘‘ഒരു വിഭാഗം ആൾക്കാർക്ക് അറിയേണ്ടത് കല്യാണിയെ മോഹൻലാലിന്റെ മകൻ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്. അത് പലരും ആഗ്രഹിക്കുന്നു ഉണ്ടാകാം പലരും വിശ്വസിക്കുന്നു ഉണ്ടാകാം. ഞാൻ ആ വിവരം ലിസിയോട് തുറന്നു ചോദിച്ചു. ലിസി പറയുന്നു, അഷ്റഫ്ക്ക അങ്ങനെ അവർക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ രണ്ടു വീട്ടുകാർക്കും സന്തോഷമുള്ള ഒരു കാര്യമല്ലേ.
അവർ തമ്മിൽ അങ്ങനെ ഒരു റിലേഷൻഷിപ്പ് ഇല്ല. ബ്രദർ–സിസ്റ്റർ ബന്ധമാണ് കുഞ്ഞുനാൾ മുതലുള്ളത്. അപ്പു അവരുടെയൊക്കെ ഒരു ഹീറോ പോലെയാണ്. അപ്പു മരം കയറും മതിൽ ചാടും അങ്ങനെ കുട്ടികളുടെയൊക്കെ ഹീറോ. കല്യാണിക്ക് ഇതുവരെ ആരുമായും ഒരു പ്രണയവുമില്ല. അതെനിക്ക് ഉറപ്പാണെന്നും ലിസി പറയുന്നു.’’ ആലപ്പി അഷറഫ് തന്റെ വിഡിയോയിൽ പറഞ്ഞത് ഇങ്ങനെയാണ്.