തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വലിയ വാഗ്ദാനങ്ങൾ നൽകിയാണ് വി.ഡി. സതീശന്റെ സർക്കാർ അധികാരത്തിലെത്തിയതെന്നും സംസ്ഥാനത്ത് രാഷ്ട്രീയ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയന്റെ മകളുടെ കമ്പനിക്ക് സേവനം നൽകാതെയും പണം ലഭിച്ച സാഹചര്യമുണ്ടായെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. അവിടെ ഒരു കൊള്ള നടന്നു. കൊള്ളയ്ക്ക് പിന്നിൽ ക്രിമിനൽസുണ്ട്. എന്നാൽ ഇതുവരെ സർക്കാർ എക്സാ ലോജിക്കിൽ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ല. എന്തുകൊണ്ടാണ് ഇതെന്ന് ജനങ്ങൾ ചോദിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശശിധരൻ കർത്തയുടെ ഡയറിയിൽ നിലവിലെ മുഖ്യമന്ത്രിയുടെയും പേരുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം.
വിശ്വാസികളുടെ ക്ഷേമത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ല. അയ്യപ്പന്റെ പേര് പറഞ്ഞ് പ്രചാരണം നടത്തിയ കോൺഗ്രസ് ഇപ്പോൾ വിശ്വാസികളെ മറന്നു. പിണറായി വിജയൻ ജയിലിൽ പോകണമെന്ന് കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണ്.
മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ ചെലവ് സർക്കാർ വഹിച്ചിട്ടില്ലെങ്കിൽ ആരാണ് പണം നൽകിയതെന്ന് വ്യക്തമാക്കണം. യാത്രയുടെ ചെലവ് സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.