District News
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും അപ്രഖ്യാപിത വൈദ്യുതി മുടക്കവും കടുത്ത വോള്ട്ടേജ് ക്ഷാമവും പതിവാകുന്നു. രാത്രികാലങ്ങളില് യാതൊരു സമയക്രമവുമില്ലാതെ നിരന്തരം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുകയാണ്.
വൈദ്യുതി മുടങ്ങുമ്പോള് വിവരങ്ങള് അറിയുന്നതിനായി കരുനാഗപ്പള്ളി വൈദ്യുതി ഭവന് ഓഫീസിലേക്ക് വിളിച്ചാല് ഫോണ് എടുക്കാന് ജീവനക്കാര് തയാറാകുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പ്രധാന പരാതി.
മണിക്കൂറുകള്ക്ക് ശേഷം വൈദ്യുതി തിരിച്ചെത്തിയാലും രൂക്ഷമായ വോള്ട്ടേജ് ക്ഷാമമാണ് അനുഭവപ്പെടുന്നത്. രാത്രി ഏഴു മുതല് 11വരെ വോള്ട്ടേജ് തികച്ചും കുറഞ്ഞ നിലയിലായിരിക്കും. ലൈറ്റുകള് തെളിഞ്ഞാലും തൊട്ടടുത്തിരിക്കുന്ന വസ്തുക്കള് പോലും വ്യക്തമായി കാണാന് കഴിയാത്ത അവസ്ഥയാണുള്ളത്.
തുടര്ച്ചയായുണ്ടാകുന്ന കറന്റ് കട്ടും വോള്ട്ടേജിലെ വലിയ വ്യതിയാനങ്ങളും മൂലം വീടുകളിലെ ഫ്രിഡ്ജ്, ടി.വി ഉള്പ്പെടെയുള്ള വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള് കേടാകുന്നത് പതിവായിരിക്കുകയാണ്. വിഷയത്തില് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടു.
Kerala
കരുനാഗപ്പള്ളി: പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച് വീണ്ടും ഗുണ്ടാസംഘങ്ങൾ. ഗുണ്ടാ നേതാവ് ജിം സന്തോഷിന്റെ ചരമവാര്ഷികത്തില് കരുനാഗപ്പള്ളിയിലെ വിവിധയിടങ്ങളില് ഗുണ്ടാ സംഘങ്ങള് ഫ്ളക്സ്ബോർഡുകൾ വച്ചു. നട്ടപ്പാതിരാ കാട്ടുതീപോലെ കത്തുമ്പോള് നീ സൂക്ഷിക്കണം. അന്നെന്റെ പ്രതികാരത്തിന്റെ തുടക്കമാണ് എന്നാണ് ഫ്ളക്സില് പറയുന്നത്. 27 ആണ് ജിം സന്തോഷിന്റെ ചരമദിനം. ഇതിന്റെ ഭാഗമായാണ് ബോർഡ് എന്നു കരുതുന്നു.
കഴിഞ്ഞ വര്ഷം മാര്ച്ച് 27ന് പുലര്ച്ചെയാണ് ജിം സന്തോഷ് എന്ന ഗുണ്ടാ നേതാവിനെ അമ്മയുടെ കണ്മുന്നില് ഇട്ട് വെട്ടി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അലുവ അതുലും സംഘവുമായിരുന്നു കൊലപാതകത്തിനു പിന്നില്.
അതേസമയം, അലുവ അതുല് കൊലക്കേസ് പ്രതികളുടെ വീട്ടില് പോലീസ് റെയ്ഡ് നടത്തി. പത്ത് പ്രതികളുടെ വീട്ടിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. അതിനിടെ കേസിലെ മുഴുവന് പ്രതികളെയും റിമാന്ഡ് ചെയ്തിട്ടുണ്ട്.
മുഖ്യപ്രതി ഉള്പ്പെടെ കൃത്യത്തില് പങ്കെടുത്തവരും സഹായിച്ചവരുമായി 10 പേരുടെ അറസ്റ്റ് ആണ് പോലീസ് രേഖപെടുത്തിയത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ് അലുവ അതുലിന്റേത് എന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു. കൂടുതല് പേര്ക്കു സംഭവത്തില് പങ്കുണ്ടോ എന്നുള്ള കാര്യത്തിലും അന്വേഷണം തുടരുന്നു.
എന്നാല്, സന്തോഷ് വധത്തിനു അതുലിന്റെ കൊലപാതകവുമായി ഒരു തരത്തിലും ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. സന്തോഷ് വധത്തിനു ശേഷം കടത്തൂര് സംഘത്തിലെ അനീറെന്നയാളെ ആക്രമിച്ചതിലെ പ്രതികാരമാണ് കൊലപാതകത്തിനു പ്രകോപനമെന്നാണ് പോലീസ് നൽകുന്ന സൂചന. പ്രദേശത്തു ഗുണ്ടാ ആക്രമണ സാധ്യത നിലനില്ക്കുന്നതിനാല് കനത്ത ജാഗ്രതയിലാണ് പോലീസ്.
Kerala
കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപകൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. എന്നാൽ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.
അലുവ അതുലിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങിപോകും വഴിയായിരുന്നു കൊലപാതകം. കരുനാഗപ്പള്ളി പുതിയകാവിനു സമീപത്തുവച്ചായിരുന്നു ആക്രമണം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആദ്യം ജിം സന്തോഷിനെയും ഇപ്പോൾ അലുവ അതുലിന്റെയും ജീവനെടുത്തത്.
അലുവ അതുൽ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയാണ്. ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലും കൊല്ലം ജില്ലാ ജയിൽ വാർഡൻ അഭിലാഷിനെ മർദിച്ച കേസിലും പ്രതിയാണ്. സൂപ്രണ്ടിന്റെ ഓഫീസിലെ കമ്പ്യൂട്ടറും അലുവ അതുൽ തല്ലി തകർത്തിരുന്നു. ജയിലിൽ പോലും അതുലിന്റെ ക്രൂരത പേടിപ്പെടുത്തുന്നതായിരുന്നു.
കൊലപാതകം കൂടാതെ എംഡിഎംഎ കേസിലും അതുലും കൂട്ടാളിയും പ്രതികളാണ്. ഒരിക്കൽ, പോലീസ് പിടികൂടാൻ ശ്രമിക്കവേ, ഭാര്യയുടെയും കുഞ്ഞിന്റെയും ഒപ്പം യാത്ര ചെയ്തിരുന്ന അതുൽ, അവരെ വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. പോലീസ് വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. ശേഷം തമിഴ്നാട്ടിൽനിന്നു പിടികൂടിയ അതുലും കൂട്ടരും കോടതിവളപ്പിൽ റീൽസ് ചിത്രീകരിച്ചതിന്റെ പേരിലും കേസ് നേരിട്ടിരുന്നു.
കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെയാണ് 2025 മാർച്ച് 27ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്ഷം നവംബറില് മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില് സന്തോഷ് റിമാന്ഡിലായിരുന്നു. പുറത്തിറങ്ങിയതിനു പിന്നാലെയാണ് കൊലപാതകം.
Kerala
കൊല്ലം: കരുനാഗപ്പള്ളിയിൽ ടിയർ ഗ്യാസ് പരിശീലനത്തിനിടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പൊട്ടിയാണ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റത്.
പരിക്കേറ്റ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വനിതാ പൊലീസ് ഉദ്യോസ്ഥർക്കും, ഒരു പുരുഷ പൊലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ടിയർ ഗ്യാസ് ആദ്യം ഉപയോഗിച്ചപ്പോൾ പൊട്ടിയിരുന്നില്ല. തുടർന്ന് വീണ്ടും ലോഡ് ചെയുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.