കരുവന്നൂര്‍: കരുവന്നൂര്‍ പുഴയിലെ ഇല്ലിക്കല്‍ ഷട്ടറുകള്‍ക്ക് മുന്പില് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതോടെ സമീപവാസികള്‍ ആശങ്കയില്‍. ഇവ നീക്കി നീരൊഴുക്ക് പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഇരിങ്ങാലക്കുട നഗരസഭയിലേയും കാറളം പഞ്ചായത്തിലേയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മണലി, കുറുമാലി പുഴകള്‍ ചേര്‍ന്ന് ഒഴുകുന്ന കരുവന്നൂര്‍പ്പുഴയില്‍ ജലനിരപ്പുയര്‍ന്ന് മാലിന്യങ്ങള്‍ അടിയുകയായിരുന്നു.
മഴ തുടരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയില്ലെങ്കില്‍ മൂര്‍ക്കനാട്, കാറളം പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറുന്ന അവസ്ഥയാണ്. മാലിന്യങ്ങള്നീക്കി ഷട്ടറുകള്‍ ഉയര്‍ത്തണമെന്ന് ഇറിഗേഷന്‍ വകുപ്പിനോട് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പുഴയ്ക്ക് കുറുകെ 50 വര്‍ഷത്തില്‍ അധികം പഴക്കമുള്ള മൂര്‍ക്കനാട് എട്ടുമന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് ഇല്ലിക്കല്‍ റെഗുലേറ്റര്‍. 15 ഷട്ടറുകളില്‍ അഞ്ചെണ്ണം തുറന്നിട്ടില്ല. തെക്കേ ബണ്ടിനോട് ചേര്‍ന്നുള്ള രണ്ട് ഷട്ടറുകള്‍ കുറെക്കാലമായി തുറക്കാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്ന് ഷട്ടറുകളുടെ ചങ്ങലകള്‍ തകരാറിലായി ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണ്. മാത്രമല്ല, ഷട്ടറുകള്‍ക്ക് ഇരുവശത്തുമുള്ള കോണ്‍ക്രീറ്റിന്റെ പില്ലറുകള്‍ പൊട്ടിപ്പൊളിഞ്ഞ് തകരാറിലാണ്. തൂണുകള്‍ തകരാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
അടിഞ്ഞുകൂടിയ തടികള്‍ നീക്കും
കരുവന്നൂര്‍: ഇല്ലിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ താഴെ വെള്ളമൊഴുക്കിനെ തടസപ്പെടുത്തുന്ന തരത്തില്‍ തടികളും മറ്റു വസ്തുക്കളും അടിഞ്ഞുകൂടിയിരിക്കുന്നത് അടിയന്തരമായി നീക്കം ചെയ്യണമെന്ന് സ്ഥലം സന്ദര്‍ശിച്ച അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഇറിഗേഷന്‍ വകുപ്പ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
വെള്ളമൊഴുക്ക് തടസപ്പെടുമ്പോള്‍ സമീപ പ്രദേശങ്ങളില്‍ താഴ്ന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ വെള്ളത്തിനടിയില്‍ ആകുന്നതു മൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പല ഭാഗങ്ങളിലും ബലക്ഷയം ഉണ്ടായിട്ടുണ്ടെന്നും ഉണ്ണിയാടന് പറഞ്ഞു. ഇതിലേക്ക് വിശദമായ റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയാറാക്കാനും എംഎല്‍എ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്താ ധര്മരാജന്, നഗരസഭ കൗണ്‍സിലര്‍ പോള്‍ തെക്കൂടന്‍, മുന്‍ കൗണ്‍സിലര്‍ അബ്ദുള്ളക്കുട്ടി, മിനി മോഹന്‍ദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.