പത്തനംതിട്ട: പോറ്റിയേ കേറ്റിയേ.... പാരഡി ഗാനത്തിനെതിരേ പരാതി നൽകിയ പ്രസാദ് കുഴിക്കാലയ്ക്ക് തിരുവാഭരണ പാത സംരക്ഷണസമിതിയുമായി യാതൊരു ബന്ധവുമില്ലെന്ന് ചെയർമാൻ കെ. ഹരിദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
പിന്നിൽ അയ്യപ്പഭക്തിയല്ലെന്നാണ് സമിതിയുടെ അഭിപ്രായം. പാട്ടെഴുതിയതാണോ സ്വർണം കട്ടതാണോ മതവികാരം വ്രണപ്പെടുത്തുന്നത്. വിശ്വാസത്തെ സംരക്ഷിക്കാനോ ഭക്തരുടെ വികാരം സംരക്ഷിക്കാനോ ഉള്ള നീക്കമല്ല ഇത്. ശബരിമലയിൽ കൊള്ള നടത്തിയവരെ സംരക്ഷിക്കാനാണ് പരാതിയെന്ന് ഹരിദാസ് പറഞ്ഞു.
പാട്ടിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകാനല്ല തങ്ങൾ ശ്രമിക്കുന്നത്. എന്നാൽ, ശബരിമലയിലെ സ്വർണക്കൊള്ളയെ ഇതുവരെ അപലപിക്കാൻ തയാറാക്കാത്തവർ ഇപ്പോൾ പാട്ടിനെതിരേ രംഗത്ത് വരുന്നതിനാണ് ഏതിർക്കുന്നത്. ഇവരിൽ ചിലരുമായി പരാതിക്കാരനായ പ്രസാദ് കുഴിക്കാലക്ക് വലിയ ചങ്ങാത്തമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിൽനിന്ന് നാലുവർഷം മുമ്പ് പുറത്തുപോയ ആളാണ് പ്രസാദ് കുഴിക്കാല.
തിരുവാഭരണ പാതയെ സംരക്ഷിക്കുന്നതിനായാണ് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ശബരിമല തിരുവാഭരണ സംരക്ഷണ സമിതി രൂപീകരിച്ചത്. അല്ലാതെ ആരെയെങ്കിലും സംരക്ഷിക്കാനോ വെള്ളപൂശാനോ വേണ്ടിയല്ല. ശബരിമലയിൽ നടന്ന കൊള്ള തുറന്നു കാട്ടുന്ന ഗാനം കേരളം മുഴുവൻ കേട്ടതാണ്. നിയമപരമായി ഒരു പാരഡി എഴുതാൻ ആർക്കും അവകാശമുണ്ട്. ഇതിനെ എന്തടിസ്ഥാനത്തിൽ നിരോധിക്കുമെന്ന് മനസിലാകുന്നില്ലെന്നും ഹരിദാസ് പറഞ്ഞു.