ഓസ്ലോ: നോർവേയിലെ രാജാവ് ഹരൾഡ് അഞ്ചാമൻ (89) അന്തരിച്ചു. അദ്ദേഹത്തിന്റെ മകൻ ഹാക്കൺ എട്ടാമൻ പുതിയ രാജാവായി അധികാരമേറ്റു.
ഹാരൾഡിന്റെ വിയോഗത്തോടെ 35 വർഷം നീണ്ടുനിന്ന ഭരണത്തിനാണ് അന്ത്യമായത്. 1991 ലാണ് ഹരാൾഡ് അഞ്ചാമൻ നോർവേയുടെ രാജാവായി അധികാരമേറ്റത്. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ ഭരണാധികാരിയെന്ന നിലയിൽ രാജ്യത്ത് ശ്രദ്ധേയനായി. ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നെങ്കിലും അടുത്ത കാലംവരെ ഔദ്യോഗിക ചുമതലകളിൽ സജീവമായിരുന്നു.
രാജകുടുംബത്തിന്റെ ജനപ്രീതി തിരിച്ചുപിടിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് പുതിയ രാജാവ് ഹാക്കണിനു മേലുള്ളത്. അദ്ദേഹത്തിന്റെ ഭാര്യ മെറ്റെ മരിറ്റിന്, യുഎസിലെ ജയിലിൽ മരിച്ച ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്നു തെളിച്ചിരുന്നു. മെറ്റെ മരിറ്റിന്റെ ആദ്യ വിവാഹത്തിലെ മകൻ മാരിയസ് ബോയിസ് ഹോയിബി അടുത്തിടെ ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. രണ്ടു സംഭവങ്ങളും രാജകുടുംബത്തിന്റെ പ്രതിച്ഛായയെ ബാധിച്ചു.
അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയുടെ ബെർക്കിലി കാന്പസ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, റോയൽ നോർവീജിയൻ നാവിക അക്കാഡമി എന്നിവടങ്ങളിലാണ് ഹാക്കൺ രാജാവ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.