കൊച്ചി: നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ എട്ടിന് നടക്കും. പുലര്‍ച്ചെ നാലിന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഫുള്‍ മാരത്തണ്‍ ഫ്ലാഗ് ഓഫ് ചെയ്യും. ഹാഫ് മാരത്തണ്‍ അഞ്ചിനും പത്തു കിലോമീറ്റര്‍ റണ്‍ ആറിനും മൂന്നു കിലോമീറ്റര്‍ റണ്‍ ഏഴിനും ആരംഭിക്കും.
മഹാരാജാസ് ഗ്രൗണ്ടില്‍നിന്ന് തുടങ്ങി എംജി റോഡ്, തേവര ജംഗ്ഷന്, ഓള്‍ഡ് തേവര റോഡ്, ചര്‍ച്ച് ലാന്‍ഡിംഗ് റോഡ്, ഫോര്‍ഷോര്‍ റോഡ്, മറൈന്‍ ഡ്രൈവ്, ഗോശ്രീ പാലം, കാളമുക്ക് ജംഗ്ഷന്, വല്ലാര്‍പാടം ഐസിടി ഹൈവേ, കോതാട് മൂലമ്പിള്ളി പാലം, വല്ലാര്‍പാടം ജംഗ്ഷന്, ഗോശ്രീ പാലം, ചാത്യാത്ത് റോഡ്, മറൈന്‍ഡ്രൈവ്, ദര്‍ബാര്‍ ഹാള്‍ റോഡ്, എംജി റോഡ് വഴി മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ സമാപിക്കുന്ന രീതിയിലാണ് റൂട്ടിന്റെ ക്രമീകരണം.
റെയ്സ് ഡയറക്ടര്‍ ഒളിമ്പ്യന്‍ ആനന്ദ് മെനസസ്, ക്ലിയോ സ്പോര്‍ട്സ് ഡയറക്ടര്‍ ബൈജു പോള്‍, ആസ്റ്റര്‍ മെഡ്സിറ്റി എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ജോണ്സണ് എന്നിവര്‍ ചേര്‍ന്നാണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്. മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്കായി എട്ടിനു പുലര്‍ച്ചെ മൂന്നു മുതല്‍ മെട്രോ സര്‍വീസ് ആരംഭിക്കും. ആലുവയില്‍നിന്ന് നാലു സര്‍വീസും തൃപ്പൂണിത്തുറയില്‍നിന്ന് രണ്ടു സര്‍വീസുമാണ് നടത്തുക.
മൂന്നിനുശേഷം 4.30, 5.00, 5.30 എന്നീ സമയങ്ങളിലും ആലുവയില്‍നിന്ന് സര്‍വീസുണ്ടാകും. തൃപ്പൂണിത്തുറയില്‍നിന്ന് മൂന്നിനുശേഷം അഞ്ചിനാകും പ്രത്യേക സര്‍വീസ് നടത്തുക. മാരത്തണ്‍ ബിബ് കാര്‍ഡ് ഉപയോഗിച്ച് മെട്രോയില്‍ രാവിലെ 11 വരെ സൗജന്യമായി യാത്ര ചെയ്യാം.