കൊല്ലം: പ്രതിഷേധ പ്രകടനത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് തകർത്തതിൽ വിശദീകരണവുമായി എസ്എഫ്ഐ പ്രവർത്തകൻ അക്ബർ ഷാ. താൻ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് കരുതിയാണ് അത് കീറിയതെന്നും അക്ബർ ഷാ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.
തെറ്റുപറ്റി എല്ലാവരും എന്നോട് ക്ഷമിക്കണം. കഴിഞ്ഞ മൂന്ന് വർഷമായി ഗൾഫിലായിരുന്നു. കൊല്ലത്ത് എസ്എഫ്ഐ പ്രകടനം കണ്ടപ്പോൾ അതിൽ പങ്കെടുക്കുകയായിരുന്നു. പ്രകടനത്തിലേക്ക് നുഴഞ്ഞുകയറിയിട്ടില്ല. താൻ പ്രകടനത്തിലേക്ക് നുഴഞ്ഞുകയറി വന്നതാണെന്നാണ് പാർട്ടിക്കാർ പറയുന്നത്. അങ്ങനെയല്ല. താൻ എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്.
പ്രകടനം കണ്ടപ്പോൾ അതിൽ കയറി. ഞാൻ ചെയ്ത തെറ്റ് എനിക്ക് മനസിലായിട്ടുണ്ടെന്നും അക്ബർ ഷാ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കടയിൽ സിപിഎം ടൗൺ ലോക്കൽ കമ്മിറ്റി സ്ഥാപിച്ച ഫ്ലക്സാണ് കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രകടനത്തിനിടെ വലിച്ചുകീറിയത്.
ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടിയേരിയുടെ ഫ്ലക്സ് സ്ഥാപിച്ചിരുന്നു.