ഇടുക്കി: വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് കൂട്ടാറിലുണ്ടായ സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽനിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച മിനി ബസാണ് മറിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
അപകടത്തെ തുടർന്ന് കൂട്ടാർ-കമ്പംമെട്ട് റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.