നടത്തറ: നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളി, മൂർക്കംകുണ്ട്, മുറിയൻകുന്ന് ഉന്നതി, കൂറ്റനാൽ എന്നിവിടങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ വ്യാപകനാശമുണ്ടായി. നാല്പതോളം വീടുകൾക്കു കേടുപാടുകൾ പറ്റി. 23 വീടുകൾ ഭാഗികമായി തകർന്നു.
കൊഴുക്കുള്ളി പള്ളിമൂല ഭാഗത്തു ചുഴലിക്കാറ്റ് കനത്ത പ്രഹരം സൃഷ്ടിച്ചു. രണ്ടു വീടുകളുടെ ട്രസ് പറന്ന് റോഡിലേക്കു വീണു.
പഞ്ഞിക്കാരൻ ഫിലോമിന, രമണൻ കളരിക്കൽ എന്നിവരുടെ വീടിന്റെ ട്രസുകളാണ് കാറ്റിൽപറന്ന് റോഡിൽ വീണത്. ഒരു ആഡംബര വീടിന്റെ ഫാൻസി ഓടുകൾ മുഴുവൻ പറന്നുപോയി. നാല്പതോളം വൈദ്യുതിതൂണുകൾ ഒടിഞ്ഞുവീണു. വ്യാപകമായി മരങ്ങൾ കടപുഴകിവീണു.
പുഞ്ചാടത്ത് സുരേഷ് കുമാർ, അനീഷ് മഠത്തിപ്പറമ്പിൽ, അജിത മഠത്തിൽപറമ്പിൽ, സുരേഷ് കളരിക്കൽ, ചിറയത്ത് ആന്റണി, ബിനി തെക്കൂട്ടുപറമ്പിൽ, ജോസഫ് ചാലിശേരി, ജോബി തെക്കിനിയത്ത്, ബാഹുലേയൻ കല്ലൂർ എന്നിവരുടെ വീടുകൾക്കു കാര്യമായ കേടുപാടുകൾ പറ്റി.
മുറിയൻകുന്ന് ഉന്നതിയിലെ ആറു വീടുകൾ പൂർണമായും വാസയോഗ്യമല്ലാതായി. പഞ്ചായത്തിന്റെ ജലനിധി കുടിവെള്ളവിതരണം താറുമാറായി. മേഖലയിലെ വൈദ്യുതി, ഇന്റർനെറ്റ് സംവിധാനം തകരാറിലായി. വ്യാപകമായ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി മരങ്ങളാണ് കടപുഴകിവീണത്. റോഡിലേക്കു വൈദ്യുതിതൂൺ ഒടിഞ്ഞുവീഴുംമുന്പാണ് സ്കൂൾവിദ്യാർഥികളുമായി ബസ് കടന്നുപോയത്.
മൂർക്കനിക്കര റോഡിൽ പണി നടക്കുന്നതിനാൽ കൊഴുക്കുള്ളി വഴിയാണ് വാഹനങ്ങൾ കടന്നുപോയിരുന്നത്. വൈദ്യുതിതൂൺ ഒടിഞ്ഞുവീഴുന്നതുകണ്ട് ബൈക്ക് യാത്രികൻ വാഹനം റോഡിലിട്ട് ഓടിരക്ഷപ്പെട്ടു. അഗ്നിശമനസേനയും നാട്ടുകാരും കെഎസ്ഇബി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്നാണ് റോഡിലും മറ്റും വീണ ട്രസും വൈദ്യുതിതൂണുകളും മരങ്ങളും നീക്കിയത്.