കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറും കൈയേറ്റശ്രമവും. സ്വന്തം മണ്ഡലത്തിലെ കൃഷ്ണനഗറിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു.
ആക്രമണത്തെക്കുറിച്ചുള്ള വിവരം പങ്കുവെച്ചുകൊണ്ട് മഹുവ വീഡിയോ പുറത്തുവിട്ടു. വീഡിയോയിൽ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ദീപാങ്കർ ദത്തക്കെതിരെ രൂക്ഷ വിമർശനവും അവർ ഉന്നയിച്ചു. വെടിയുണ്ടകളെ നേരിടുന്നത് പോലെയാണ് താൻ ഈ മുട്ടയേറിനെ നേരിട്ടതെന്ന് അവർ പരിഹസിച്ചു.
വിദ്വേഷ പ്രസംഗ കേസിൽ മുൻപ് സുപ്രീംകോടതി വാദം കേൾക്കുന്നതിനിടയിൽ മുട്ടയേറ് ഭയന്ന് പൊലിസ് സ്റ്റേഷനിൽ പോലും പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് മഹുവ പറഞ്ഞിരുന്നു. ഇതിനെ പരാമർശിച്ച് മഹുവയ്ക്ക് മുട്ടയെ പേടിയാണോയെന്ന് ജസ്റ്റീസ് ദീപാങ്കർ ദത്ത ചോദിച്ചിരുന്നു.
ഇതിനുള്ള മറുപടിയായാണ് മഹുവ പുതിയ വീഡിയോയിലൂടെ സുപ്രീംകോടതി ജഡ്ജിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. മുട്ടയേറിനെതിരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.