ന്യൂഡൽഹി: സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് രാജ്യം വിട്ട ഐപിഎൽ സ്ഥാപകൻ ലളിത് മോദി ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകൾ തള്ളിക്കൊണ്ടുള്ള അപ്പലേറ്റ് ട്രിബ്യൂണൽ വിധിയെ തുടർന്നാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.
2009-ൽ പൊതുതെരഞ്ഞെടുപ്പ് നടന്ന സമയത്ത് റിസർവ് ബാങ്കിന്റെ പൂർവാനുമതിയില്ലാതെ ഐപിഎൽ മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുകയും വിദേശത്തേക്ക് പണമയക്കുകയും ചെയ്തുവെന്നായിരുന്നു ഇഡിയുടെ ആരോപണം. എന്നാൽ ലളിത് മോദി വ്യക്തിപരമായി യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും ഇഡി ചുമത്തിയ കേസിന് അടിസ്ഥാനമില്ലെന്നും ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരിയും അംഗമായ രാജേഷ് മലോത്രയും അടങ്ങിയ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കുകയായിരുന്നു.
ബിസിസിഐ, ഇഡി, ആദായനികുതി വകുപ്പ് എന്നിവയുടെ അന്വേഷണങ്ങൾ നേരിടുന്നതിനിടെ 2010-ൽ രാജ്യം വിട്ട ലളിത് മോദിയുടെ ഇപ്പോഴത്തെ തിരിച്ചുവരവ് പ്രഖ്യാപനം കായിക ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഇന്ത്യയിലേക്ക് മടങ്ങാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.