തിരുവല്ല: കോർപ്പറേറ്റുകൾക്ക് സർവതും വിറ്റു തുലയ്ക്കുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും നവ ലിബറൽ നയങ്ങൾക്ക് മാനവിക ബദൽ കേരളത്തിൽ അവതരിപ്പിച്ച് ലോകത്തിനു മുന്പിൽ മാതൃകയാകാൻ ഇടതു സർക്കാരിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പത്തു കൊല്ലം മുന്പ് അധികാരം വിട്ടൊഴിയുന്പോൾ സമസ്ത മേഖലകളിലും സമ്പൂർണ തകർച്ചയാണ് യുഡിഎഫ് കേരളത്തിന് സമ്മാനിച്ചിരുന്നത്. നിയമന മരവിപ്പ്, പൊതുമേഖലയുടെ തകർച്ച , പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടൽ , അഴിമതിയിലുള്ള ഭരണസംവിധാനം, നികുതി വരുമാനങ്ങൾ ഉയർത്താൻ നടപടിയില്ലാത്ത അവസ്ഥ ഇങ്ങനെ പോവുകയായിരുന്നു അക്കാലത്തെ കാര്യങ്ങൾ .18 മാസം വരെ ആയിരുന്നു യുഡിഎഫ് സർക്കാരിന്റെ ക്ഷേമ പെൻഷൻ കുടിശിക, ആരോഗ്യരംഗം വെന്റിലേറ്ററിൽ ആയിരുന്നു.
കുട്ടികൾ പാഠപുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് ഉപയോഗിക്കേണ്ടി വന്ന കാലഘട്ടമായിരുന്നു. ലാഭകരമല്ലെന്നു പറഞ്ഞ് സ്കൂളുകൾ അടച്ചുപൂട്ടലിന്റെ പേരിൽ സ്കൂളുകളുടെ സ്ഥലം വിൽപന നടത്താൻ മാനേജർമാർക്ക് ഒത്താശ ചെയ്യുന്ന സംഭവങ്ങൾ വരെയുണ്ടായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇരുണ്ടകാലത്ത് നിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്വം എൽഡിഎഫ് സർക്കാർ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് എൽഡിഎഫ് നൽകിയ സംഭാവന നാടിന്റെ ഭാവിയുടെ ആവശ്യങ്ങളെ കണ്ടത് നിർവഹിക്കുകയും പുതിയ തലമുറയുടെ പ്രതീക്ഷകൾ ഉയർത്തുകയും എന്ന ഉത്തരവാദിത്വമാണ് എൽഡിഎഫ് ഏറ്റെടുത്തിരിക്കുന്നത്. പത്തുവർഷത്തെ നേട്ടങ്ങളുടെ പിൻബലത്തിൽ എൽഡിഎഫിനു വിജയിക്കാനാകും.
വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും എൽഡിഎഫ് തുടർന്നാൽ മാത്രമേ ഫലമുണ്ടാകൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.കൺവൻഷനിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. സനൽ കുമാർ അധ്യക്ഷത വഹിച്ചു.സ്ഥാനാർഥി മാത്യു ടി. തോമസ്, ഡോ.ടി.എം. തോമസ് ഐസക്, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, എൽഡിഎഫ് കൺവീനർ അലക്സ് കണ്ണമല തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവല്ലയിൽ മുഖ്യമന്ത്രിയോടു മൈക്ക് പിണങ്ങി
തിരുവല്ല: തിരുവല്ലയിലെ എൽഡിഎഫ് യോഗത്തിൽ പ്രസംഗിച്ചുകൊണ്ടു നിൽക്കവേ മുഖ്യമന്ത്രി പിണറായി വിജയനോടു മൈക്ക് പിണങ്ങി. ഇതേത്തുടർന്ന് പ്രസംഗം അവസാനിപ്പിച്ച മുഖ്യമന്ത്രി രണ്ട് മിനിട്ടോളം ക്ഷമയോടെ കാത്തുനിന്നു. പിന്നീട് വീണ്ടും മൈക്ക് എത്തിയപ്പോൾ പ്രസംഗം തുടരുകയായിരുന്നു.