റോം: ലോകത്ത് നിലനിൽക്കുന്ന ദാരിദ്ര്യത്തിന്റെയും അനീതിയുടെയും യഥാർഥ കാരണങ്ങൾ ഇല്ലാതാക്കാൻ സമൂഹം ഒന്നടങ്കം മുന്നോട്ടു വരണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
റോമിനുപുറത്തുള്ള വേനൽക്കാല വസതിയായ കസ്താൽ ഗൊണ്ടോൾഫോയിലെ ലൗദാത്തോ സി ഉദ്യാനത്തിൽ ദരിദ്രർക്കായി ഒരുക്കിയ പ്രത്യേക ഉച്ചവിരുന്നിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാർഥ ജീവകാരുണ്യത്തോടും നീതിയോടുമുള്ള വിശപ്പാണ് തനിക്കുള്ളതെന്നു വ്യക്തമാക്കിയ മാർപാപ്പ എല്ലാവർക്കുമായി വാതിലുകൾ തുറന്നിടുന്ന, എല്ലാവരെയും സ്നേഹത്തോടെ സ്വീകരിക്കുന്ന ഒരു സഭയ്ക്കായുള്ള ആഗ്രഹവും പങ്കുവച്ചു.
അവിടെ ആരും ശത്രുക്കളല്ലെന്നും സമാധാനവും പരസ്പര പൊരുത്തപ്പെടലുകളും ക്ഷമയുമാണ് ഉണ്ടാകേണ്ടതെന്നും മാർപാപ്പ ഓർമിപ്പിച്ചു. ചരിത്രപരമായി മാർപാപ്പമാരെ വിശേഷിപ്പിക്കുന്ന ‘പോന്തിഫ്’എന്ന പദത്തിന്റെ അർഥം ‘പാലങ്ങൾ പണിയുന്നയാൾ’ എന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മാർപാപ്പയോടൊപ്പം ഉച്ചഭക്ഷണം’ എന്നപേരിൽ സംഘടിപ്പിച്ച ഈ കൂട്ടായ്മയിൽ റോം രൂപതയിലെ വിവിധ സാമൂഹിക പ്രതിസന്ധികൾ നേരിടുന്ന 35 കുട്ടികൾ ഉൾപ്പെടെ ഇരുനൂറോളം പേരാണ് അതിഥികളായെത്തിയത്.
റോമിലെ ‘ഈസോള ദെല്ല പിറ്റ്സ’എന്ന റസ്റ്ററന്റാണ് വിവിധ സംസ്കാരങ്ങളിൽനിന്നുള്ളവർക്ക് അനുയോജ്യമായ രീതിയിലുള്ള വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ന് അൽബാനോ രൂപതയിലെ നിർധനരായ ആളുകൾക്കായും തുടർന്ന് നവംബർ 16നും മാർപാപ്പ ഇത്തരത്തിൽ ഉച്ചവിരുന്നുകൾ ഒരുക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലത്തെ സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചത്.