ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാന 2024 - 2026 കാലയളവിലേക്കുള്ള സമഗ്രസംഭാവന പുരസ്കാരം പ്രശസ്ത പണ്ഡിതനും സാഹിത്യകാരനും മാനവവികാസ ശാസ്ത്രജ്ഞനുമായ ഡോ. എ.കെ. ബാലകൃഷ്ണപിള്ളയ്ക്കും (എകെബി), അമേരിക്കൻ മലയാള സാഹിത്യത്തിന്റെ ചരിത്രകാരനും ശ്രദ്ധേയനായ സാഹിത്യകാരനുമായ ജോർജ് മണ്ണീക്കരോട്ടിനും (മരണാനന്തരം) നൽകുമെന്ന് പ്രഖ്യാപിച്ചു.
അമേരിക്കൻ മലയാള സമൂഹത്തിനും മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഇരുവരും നൽകിയ ദീർഘകാലവും വിലമതിക്കാനാവാത്തതുമായ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം സമ്മാനിക്കുന്നതെന്ന് ഫൊക്കാന നേതൃത്വം അറിയിച്ചു.
1960-ൽ ഈസ്റ്റ് കരോലിന സർവകലാശാലയിൽ അധ്യാപകനായാണ് ഡോ. എ.കെ.ബി. പിള്ള അമേരിക്കയിലെത്തിയത്. തുടർന്ന് അക്കാദമിക-ഗവേഷണ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അദ്ദേഹം കൊളംബിയ സർവകലാശാലയിലെ ആന്ത്രോപോളജിക്കൽ സൊസൈറ്റിയുടെ വിശിഷ്ടാംഗമായും പ്രവർത്തിച്ചു.
ഫൊക്കാനയുടെ രൂപീകരണകാലം മുതൽ സംഘടനയുടെ വളർച്ചയിൽ മാർഗദർശകനായും ഉപദേഷ്ടാവായും അദ്ദേഹം സജീവ പങ്കുവഹിച്ചു. ഗവേഷണ ലേഖനങ്ങൾ, നോവലുകൾ, ചെറുകഥകൾ, സഞ്ചാരസാഹിത്യ കൃതികൾ എന്നിവയ്ക്കൊപ്പം Transcendental Self, Shakespeare's King Lear: A Study of Human Order ഉൾപ്പെടെ നിരവധി ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെയും രചയിതാവാണ് അദ്ദേഹം.
കുട്ടനാട്ടിലെ മങ്കൊമ്പ് സ്വദേശിയായ ഡോ. എ.കെ.ബി. പിള്ള, ഭാര്യ ഡോണാ പിള്ളയ്ക്കൊപ്പം ന്യൂയോർക്കിലെ റിവർഡെയിലിലാണ് താമസം. 2026 ജൂൺ 26ന് അന്തരിച്ച ജോർജ് മണ്ണീക്കരോട്ട് അമേരിക്കൻ മലയാള സാഹിത്യരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
അമേരിക്കയിലെ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയും ചരിത്രവും രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ഗവേഷണഗ്രന്ഥമായ "അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം' പ്രവാസി മലയാള സാഹിത്യത്തിലെ സുപ്രധാന കൃതികളിലൊന്നായി കണക്കാക്കപ്പെടുന്നു.
മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റായും വിവിധ സാംസ്കാരിക സംഘടനകളുടെ നേതാവായും പ്രവർത്തിച്ച അദ്ദേഹം നോവൽ, ചെറുകഥ, ലേഖനം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫൊക്കാനയുടെ വിവിധ ചുമതലകൾ വഹിച്ച അദ്ദേഹം സംഘടനയുടെ സാംസ്കാരിക പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണ നൽകിയിരുന്നു.
വടക്കേ അമേരിക്കയിലെ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകിയ ഈ രണ്ട് വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിലൂടെ പ്രവാസി മലയാള സാഹിത്യത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും മഹത്വമാണ് ഫൊക്കാന ഉയർത്തിക്കാട്ടുന്നതെന്ന് സംഘടന വ്യക്തമാക്കി.
പുരസ്കാരങ്ങൾ 2026 ഓഗസ്റ്റിൽ പെൻസിൽവേനിയയിലെ കലഹാരി റിസോർട്ടിൽ നടക്കുന്ന ഫൊക്കാന അന്തർദേശീയ കൺവെൻഷനിൽ സമ്മാനിക്കും.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ, സാഹിത്യസമ്മേളന ചെയർമാൻ കോരസൺ വർഗീസ്, സാഹിത്യസമ്മേളന കമ്മിറ്റി അംഗങ്ങളായ കെ.കെ. ജോൺസൺ, സന്തോഷ് പാലാ എന്നിവർ സംയുക്തമായാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.