കോഴിക്കോട്: ഓണാഘോഷങ്ങൾക്ക് വർണ്ണപ്പകിട്ടേകി കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരൊറ്റ വേദിയിൽ അണിനിരക്കുന്നു. സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡിടിപിസി കോഴിക്കോട്, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘തദ്ദേശ പൂക്കളം മത്സരം 2026’ ഓണപ്പൂക്കളുടെ അപൂർവ വർണവസന്തത്തിന് വേദിയാകും.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോഴിക്കോട് കോർപറേഷൻ എന്നിവയുൾപ്പെടെ 11 ക്ലസ്റ്ററുകളിലായി 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരേസമയം മാറ്റുരയ്ക്കുന്ന മത്സരമാണിത്. ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളെയും ഒരുമിച്ചണിനിരത്തുന്ന ഈ മത്സരം ഓണാഘോഷങ്ങളുടെ ശ്രദ്ധേയമായ ആകർഷണമാകും.
മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനത്തിന് 1,00,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 50,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനത്തിന് 25,000 രൂപയും ട്രോഫിയും ലഭിക്കും. വിവിധ കാറ്റഗറികളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന ടീമുകൾക്ക് പ്രത്യേക ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.
മത്സരത്തിന്റെ വിധിനിർണയം സാങ്കേതിക മികവോടെയും പൂർണ സുതാര്യതയോടെയുമാണ് നടത്തുന്നത്. തത്സമയ ലൈവ് വീഡിയോ നിരീക്ഷണം, ജിയോടാഗ് ചെയ്ത ഫോട്ടോകൾ, വീഡിയോ സ്കാനിംഗ് എന്നിവയ്ക്കൊപ്പം ഫിസിക്കൽ പരിശോധനയും ഉൾപ്പെടുത്തിയാകും വിധിനിർണയം. 22ന് രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് മത്സരം. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് മൂന്ന് മുതൽ അഞ്ച് വരെ അംഗങ്ങൾ അടങ്ങുന്ന ടീമിനാണ് മത്സരത്തിൽ പങ്കെടുക്കാനാവുക.