ആ മായൻ നഗരം മാഞ്ഞില്ല... സഹസ്രാബ്ദത്തിലേറെയായി മഹാവനങ്ങൾക്കുള്ളിൽ ആധുനിക മനുഷ്യന്റെ കണ്ണുകളിൽനിന്നു മറഞ്ഞുകിടന്നു! ഇക്കാലമത്രയും ഗവേഷകരുടെ ശ്രദ്ധ പതിയാതെ മണ്ണിൽ തൊട്ടുകിടന്ന സ്മരണകളുടെ കലവറ സംസാരിച്ചുതുടങ്ങുകയാണ്, പുരാനഗരത്തിന്റെ ചരിത്രം. സമീപകാലത്തെ ഏറ്റവും ശ്രദ്ധേയമായ പുരാവസ്തു കണ്ടെത്തലുകളിലൊന്നാണ് തെക്കൻ മെക്സിക്കൻ വനങ്ങളിൽ നടന്നത്.
കാംപെഷെ സംസ്ഥാനത്തെ കലക്മുൽ ബയോസ്ഫിയർ റിസർവിന്റെ ഉൾപ്രദേശത്താണ് ശാസ്ത്രലോകം കണ്ടെത്തിയ പുരാനഗരം സ്ഥിതിചെയ്യുന്നത്. വഴിയില്ലാത്ത ഇടം - എന്നർഥം വരുന്ന യുക്കാടെക് മായൻ പദമായ മിനാൻബെ - എന്നാണ് ഈ പ്രദേശത്തിന് ഗവേഷകർ പേരു നൽകിയിരിക്കുന്നത്. അത്രമേൽ ദുർഘടമായ പാതകൾ താണ്ടിയാണ് ഗവേഷകർ ഉൾവനങ്ങളിലെത്തിയത്.
മെക്സിക്കൻ-സ്ലൊവേനിയൻ സംയുക്ത ഗവേഷണസംഘമാണ് വലിയ കണ്ടെത്തലിനു പിന്നിൽ. സ്ലൊവേനിയൻ അക്കാദമി ഓഫ് സയൻസസ് ആൻഡ് ആർട്സിലെ പുരാവസ്തു ഗവേഷകൻ ഇവാൻ സ്പ്രാജ്ക് ആണ് നേതൃത്വം നൽകുന്നത്. സെൻട്രൽ മായൻ ലോലാൻഡ്സ്-ൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി നടന്നുവന്ന ഗവേഷണങ്ങളുടെ വിജയകരമായ ഫലമാണിത്.
ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ആരണ്യകങ്ങളിലെ ഹരിതമേലാപ്പിനടിയിൽ, 15 ഹെക്ടറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന വലിയ ജനവാസകേന്ദ്രത്തിന്റെ സൂചനകൾ ലഭിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് പൗരാണികനഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.
നാലുനില കെട്ടിടത്തോളം ഉയരമുള്ള പിരമിഡ് ക്ഷേത്രം, കൊത്തുപണികളോടു കൂടിയ പ്രാർഥനാപീഠങ്ങൾ, സ്തൂപങ്ങൾ എന്നിവ മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രപ്പോളജി ആൻഡ് ഹിസ്റ്ററി സ്ഥിരീകരിച്ചിട്ടുണ്ട്. കൊട്ടാരങ്ങൾ, പ്രാർഥനാലയങ്ങൾ, വലിയ ചതുരങ്ങൾ, കൃത്രിമ തടാകങ്ങളും കനാലുകളും ഉൾപ്പെടുന്ന വിപുലമായ ജലവിതരണ സംവിധാനം എന്നിവ ഈ നഗരത്തിന്റെ മികച്ച ആസൂത്രണ മികവ് വ്യക്തമാക്കുന്നു.
ക്ലാസിക് റിയോ ബെക് വാസ്തുവിദ്യാ ശൈലിയിലാണ് ഇവിടുത്തെ പിരമിഡ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. എഡി ഏഴ് മുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലാണ് ഈ ശൈലി നിലനിന്നിരുന്നത്. വനനശീകരണമോ കള്ളക്കടത്തുകാരുടെ ആക്രമണമോ ഏൽക്കാതെ, പൂർണമായും സുരക്ഷിതമായ രീതിയിലാണ് നഗരത്തിന്റെ നിർമിതി. എഡി 600-900 കാലഘട്ടത്തിൽ, മായൻ സംസ്കാരം അതിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്പോഴാണ് ഈ നഗരവും അഭിവൃദ്ധി പ്രാപിച്ചതെന്നാണ് പുരാവസ്തുഗവേഷകരുടെ അനുമാനം. പ്രാദേശിക കൃഷിയിലും വ്യാപാര ശൃംഖലകളിലും നഗരവാസികൾ പ്രധാന പങ്ക് വഹിച്ചിരുന്നു.
എന്നാൽ ഇവിടുത്തെ ചില സ്മാരകങ്ങൾ ആക്രമണങ്ങൾക്കിരയായെന്നും കണ്ടെത്തിയിട്ടുണ്ട്. വിദേശ അധിനിവേശങ്ങളോ ആഭ്യന്തര യുദ്ധങ്ങളോ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ഗവേഷകർ കരുതുന്നത്. വിശദമായ പഠനങ്ങളിലൂടെ മായൻ ജനതയുടെ ജീവിതരീതികളും, തകർച്ചയിലേയ്ക്കു നയിച്ച കാരണങ്ങളും പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മെക്സിക്കൻ-സ്ലൊവേനിയൻ പുരാവസ്തുഗവേഷകർ പറഞ്ഞു.