ന്യൂഡൽഹി: സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിനെതിരെ അപകീർത്തികരമായി സംസാരിക്കുകയും കോടതി നടപടികൾ തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ലക്നോ സർവകലാശാലയിലെ രണ്ട് നിയമവിദ്യാർത്ഥികൾ അറസ്റ്റിൽ. പ്രബൽ പ്രതാപ് സിംഗ്, ചന്ദർ ഭാൻ എന്നിവരാണ് പിടിയിലായത്. ഇവർ യഥാക്രമം മൂന്നാം വർഷം, രണ്ടാം വർഷം നിയമവിദ്യാർത്ഥികളാണ്.
ചീഫ് ജസ്റ്റിസിനെതിരെ മുദ്രാവാക്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തതോടെയാണ് സുപ്രീംകോടതി പരിസരത്ത് വലിയ ബഹളമുണ്ടായത്. കോടതിയുടെ പ്രവർത്തനം തടസപ്പെടുത്തിയതിനും സുപ്രീംകോടതിയുടെ അന്തസ്സിന് കളങ്കമേൽപ്പിക്കുന്ന രീതിയിൽ പെരുമാറിയതിനുമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ഡൽഹി പോലീസിന് കൈമാറുകയുമായിരുന്നു.
നിയമവിദ്യാർത്ഥികളായിരുന്നിട്ടും കോടതിയുടെ മര്യാദകൾ ലംഘിച്ചുള്ള ഇവരുടെ നടപടി വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. കോടതിയലക്ഷ്യം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയേക്കുമെന്നാണ് സൂചന.