മയാമി: മെസി മാജിക്കിൽ ഇന്റർ മയാമിക്ക് തകർപ്പൻ ജയം. ഡിസി യുണൈറ്റഡിനെതിരായ മത്സരത്തിൽ ഇരട്ടഗോൾ നേടിയ മെസിയുടെ മികവിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്റർ മയാമി വിജയം സ്വന്തമാക്കിയത്. ലൂയിസ് സുവാരസും ഇരട്ടഗോൾ നേടി തിളങ്ങി.
തുടർച്ചയായ അഞ്ച് മത്സരങ്ങൾക്കുശേഷമാണ് മയാമി വിജയവഴിയിൽ തിരിച്ചെത്തിയത്. അർജന്റീന ദേശീയ ടീമിനായി 21 വർഷം നീണ്ട കരിയറിലെ അവസാന മത്സരം കളിച്ച് നാല് ദിവസങ്ങൾക്കുശേഷമാണ് ഇന്റർ മയാമിക്കായി തകർപ്പൻ പ്രകടനവുമായി മെസി കളം നിറഞ്ഞത്. കഴിഞ്ഞ 16ന് ചുമതലയേറ്റ പുതിയ പരിശീലകൻ ക്രിസ്റ്റ്യൻ കിലി ഗോൺസാലസിനു കീഴിൽ ഇന്റർ മയാമിയുടെ ആദ്യ ലീഗ് വിജയമാണിത്.
ഈ സീസണിലെ ഗോൾനേട്ടം 23 ആയി ഉയർത്തിയ മെസി ലീഗിലെ ടോപ് സ്കോറർ പദവിയും നിലനിർത്തി. ഓഗസ്റ്റ് 29ന് സിഎഫ് മോൺട്രിയലിനെ 7-1ന് തകർത്തശേഷം മയാമി നേടുന്ന ആദ്യ വിജയവുമാണിത്.