"നിൻ മണിയറയിലെ നിർമല ശയ്യയിലെ നീല നീരാളമായി ഞാൻ മാറിയെങ്കിൽ... ' സിഐഡി നസീർ എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരൻ തമ്പി രചിച്ച്, എം.കെ. അർജുനൻ സംഗീതം നൽകിയ പ്രണയാർദ്രമായ ഗാനമാണിത്. പി. ജയചന്ദ്രനാണ് ഗായകൻ.
സിനിമയിൽ നായികയായ ജയഭാരതിയെ(ശാന്തി) കിനാവ് കണ്ടു പ്രേംനസീറിന്റെ സിഐഡി നസീർ കഥാപാത്രം പാടുന്ന രംഗമാണ്.
1971 പുറത്തുവന്ന "സിഐഡി നസീറി'ലെ ഈ ഗാനം മലയാള സിനിമയിലെ മികച്ച പ്രണയഗാനങ്ങളിൽ ഒന്നായി കണക്കാക്കാം. ആകാശവാണിയിലൂടെ, ടെലിവിഷൻ ചാനലുകളിലൂടെ, ഗാനമേള വേദികളിലൂടെ പതിറ്റാണ്ടുകളായി കേരളത്തിൽ അലയടിക്കുന്ന ഗാനം ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സജീവമാണ്.
ഗാനമേള വേദികളിലെ മികച്ച നാദം എന്ന് ആരാധകർ ഒരു പോലെ പറയുന്ന സിനിമ-നാടക ഗായകനും, സംഗീത സംവിധായകനുമായ കല്ലറ ഗോപൻ എത്രയോ സ്റ്റേജുകളിൽ ഈ ഗാനം പാടി കൈയടി നേടിയിട്ടുണ്ട്. ഗാനത്തിന്റെ സൗന്ദര്യത്തിന്റെയും പൂർണതയുടെയും കാര്യത്തിൽ ഒരാൾക്കും എതിരഭിപ്രായമില്ല. എന്നാൽ ഈ അനശ്വരതയുടെ സംഗീത ശില്പി എം. കെ.അർജുനൻ മാസ്റ്റർക്ക് പാട്ട് കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന തോന്നൽ ഉണ്ടായിരുന്നു. കല്ലറ ഗോപൻ ഈ ഗാനം പാടുമ്പോൾ എം.കെ. അർജുനൻ മാസ്റ്റർ പതിവുള്ള സ്നേഹ സൗമ്യതയോടെ പറയും -
"മക്കളെ, അനുപല്ലവിയിലെ മൂന്നാമത്തെ വരി നീ ഇങ്ങനെ ചെറുതായെന്ന് മാറ്റിപ്പാടി നോക്ക്... ഇതിലെ സംഗതി ഇങ്ങനെ ആക്കിയാൽ കുറച്ചുകൂടി ഭംഗി ഉണ്ടാവും. "മാസ്റ്റർ പറയുന്നതനുസരിച്ച് അടുത്ത ഗാനമേള സ്റ്റേജിൽ ഗോപൻ അല്പം മാറ്റി പാടുകയും ചെയ്യും!
ഇങ്ങനെ മുൻ കാലത്ത് എം.കെ. അർജുനൻ തന്നെ ഈണം പകർന്ന ധാരാളം അതിമനോഹര ഗാനങ്ങൾക്കു നേരിയ വ്യത്യാസം വരുത്തി കല്ലറ ഗോപനെ കൊണ്ട് അർജുനൻ മാസ്റ്റർ പാടിച്ചിട്ടുണ്ട്.
കല്ലറ ഗോപൻ പറയുന്നു... "അർജുനൻ മാസ്റ്റർക്കു തന്റെ ഓരോ പാട്ടിനോടുമുണ്ടായിരുന്ന അർപണം അവിശ്വസനീയമാണ്. എത്രയോ പതിറ്റാണ്ടുകൾക്കു മുൻപ് സിനിമയിൽ വന്ന പാട്ടുകളാണ്. ഓൾഡ് ഇസ് ഗോൾഡ് എന്ന നിലയിൽ മലയാള ചലച്ചിത്ര ഗാന ചരിത്രത്തിന്റെ തന്നെ ഭാഗമായവ. എന്നാൽ മാസ്റ്റർ പുതിയ പാട്ടിനെ സമീപിക്കുന്ന അതേ ആത്മാർഥതയോടെയായിരുന്നു ഗാനങ്ങളെ സമീപിച്ചിരുന്നത്. മിനുക്കുപണികൾ നടത്തി നടത്തി ഇനിയും എത്രത്തോളം അവയെ മികച്ചതാക്കാം എന്നതായിരുന്നു എപ്പോഴും മാസ്റ്ററുടെ ചിന്ത.
പരിപൂർണത ആഗ്രഹിക്കുന്ന മനസായിരുന്നതിനാലാവും തൃപ്തി വരില്ല. അതുകൊണ്ടുതന്നെ എന്നോട് ‘ഇങ്ങനെ ഒന്ന് പാടി നോക്കാമോ മക്കളെ..,'എന്ന് പറയും. മാസ്റ്റർ വരുത്തുന്ന മാറ്റങ്ങൾ അനുസരിച്ച് പിന്നീടുള്ള ഗാനമേള വേദികളിൽ ഞാൻ അങ്ങനെ ചെറിയ വ്യത്യാസത്തിൽ പാടിയിട്ടുമുണ്ട്. ആദ്യത്തെക്കാൾ കുറച്ചുകൂടി മികച്ചതായി ഗാനങ്ങൾ മാറിയ അനുഭവമായിരുന്നു.
കാത്തിരുന്ന നിമിഷം എന്ന ചിത്രത്തിലെ "ചെമ്പക തൈകൾ പൂത്ത മാനത്തെ പൊന്നമ്പിളി... 'എന്ന ഗാനം അർജുനൻ മാസ്റ്ററുടെ പ്രശസ്ത ഗാനങ്ങളിൽ ഒന്നാണ്. ശ്രീകുമാരൻ തമ്പി- അർജുനൻ- യേശുദാസ് ടീമിന്റെ അവിസ്മരണീയമായ ഗാനം. ഒരു ഗസൽ രീതിയിൽ സൃഷ്ടിച്ച ഗാനമാണിത്.ബാബുക്കയുടെ ( എം.എസ്.ബാബുരാജ് ) ഗാനങ്ങൾ ഒഴികെ ഇത്തരം ഗസൽ ഭാവത്തിലെ ഗാനങ്ങൾ മലയാള സിനിമയിൽ അധികം ഇല്ല. സങ്കീർണമായ സംഗീത ശൈലി ഇഴ ചേരുന്ന ഈ ഗാനം പാടി വിജയിപ്പിക്കുവാനും പ്രയാസമുള്ളതാണ്. ‘ചെമ്പക തൈകൾ പൂത്ത മാനത്തെ പൊന്നമ്പിളി... എന്ന ഗാനവും ചില മാറ്റങ്ങൾ വരുത്തി മാസ്റ്റർ എന്നെക്കൊണ്ട് പാടിപ്പിച്ചിട്ടുണ്ട്.’
ആദ്യത്തെ കഥ എന്ന സിനിമയിൽ വയലാറിന്റെ രചനയിൽ,എം.കെ. അർജുനൻ സംഗീതം പകർന്ന ‘ഭാമിനി ഭാമിനി പ്രപഞ്ച ശിൽപിയുടെ വെറുമൊരു പഞ്ചലോഹ പ്രതിമയല്ല നീ...'എന്ന ഗാനം ഏറെ സവിശേഷത ഉള്ളതാണ്. ഗാനഗന്ധർവൻ യേശുദാസ് പാടിയ ‘ഹംസാനന്ദി' രാഗത്തിലെ ഗാനം അർജുനൻ മാസ്റ്റർക്ക് ഏറെ പ്രിയപ്പെട്ട ഗാനം ആയിരുന്നു.
സിനിമയിൽ പ്രേം നസീർ പാടി അഭിനയിക്കുന്ന രംഗമാണ് ഇത്. നായിക കഥാപാത്രമാണ് സ്വപ്നം കാണുന്നത് എന്നു മാത്രം. വയലാറിന്റെ സുവർണ ഭാവനയെ സംഗീതത്തിന്റെ പൂന്തുകിൽ കൊണ്ട് എം.കെ. അർജുനൻ പൊതിഞ്ഞു എന്ന് നിസംശയം പറയാം. പൊതുവേദികളിൽ ഗാനം അധികം നിറയാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു മാസ്റ്റർക്ക്. അതിനാൽ ഒരിക്കൽ, കല്ലറ ഗോപനോടു പറഞ്ഞു -" മക്കളെ ഗാനമേള വേദികളിൽ ഭാമിനി.. എന്ന ഗാനം പാടണം. വയലാറിന്റെ വളരെ നല്ലൊരു ഗാനമാണിത്. ആരും പാടി കേൾക്കാറില്ല.’
അതനുസരിച്ച് പിന്നീട് വയലാർ ഗാനസന്ധ്യ ഉൾപ്പെടെയുള്ള പല വേദികളിലും തത്വജ്ഞാനം നിറയുന്ന ഭാമിനി.. കല്ലറ ഗോപൻ പാടിയിട്ടുണ്ട്.എം. കെ. അർജുനൻ സന്നിഹിതനായിരുന്ന വേദികളിൽ ഭാമിനി ഭാമിനി... എന്ന ഗാനം പാടുമ്പോൾ മാസ്റ്ററുടെ കണ്ണുകൾ തിളങ്ങിയിരുന്നു.
നാടക ഗാനാലാപനവുമായി ബന്ധപ്പെട്ട് 1989 ലാണ് എ. കെ. അർജുനൻ മാസ്റ്ററെ കല്ലറ ഗോപൻ പരിചയപ്പെടുന്നത്. 1994 മുതൽ മാസ്റ്റർ വിട പറയും നാൾ വരെയും അടുത്ത ബന്ധം ഉണ്ടായിരുന്നു. സൗപർണിക തിയറ്റേഴ്സിന്റെ തേവാരം എന്ന നാടകത്തിൽ എം. കെ.അർജുനന്റെ സംഗീതത്തിലാണ് കല്ലറ ഗോപൻ ആദ്യം നാടകത്തിൽ പാടുന്നത്.
പിരപ്പൻകോട് മുരളി രചിച്ച "ഇടയ്ക്കയിൽ ജീവിത ദുസ്സഹ ദുഃഖങ്ങൾ...'എന്ന ഗാനത്തിന് മികച്ച ഗാനാലാപനത്തിനുള്ള സംസ്ഥാന നാടക അവാർഡ് ലഭിച്ചു. നഗര വിശേഷം എന്ന നാടകത്തിനു വേണ്ടി ഒഎൻവി - എം. കെ. അർജുനൻ കൂട്ടുകെട്ടിൽ പിറന്ന ‘രാവിൽ വിരിഞ്ഞു പുലരിയിൽ മാഞ്ഞു പോകും പൂവേ...'എന്ന ഗാനത്തിന് ലഭിച്ച പുരസ്കാരം ഉൾപ്പെടെ ഒമ്പത് തവണ സംസ്ഥാന നാടക പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ട് പ്രാവശ്യവും കല്ലറ ഗോപന് പുരസ്കാരം ലഭിച്ചത് എം.കെ.അർജുനന്റെ സംഗീതത്തിൽ പാടിയപ്പോഴാണ്.
എം.കെ. അർജുനന്റെ സഹായിയായി പല നാടകഗാനങ്ങളിലും സംഗീത ആൽബങ്ങളിലും സിനിമകളിലും കല്ലറ ഗോപൻ പ്രവർത്തിച്ചിട്ടുണ്ട്.
"എന്റെ ഇതുവരെയുള്ള ഗാന ജീവിതത്തിൽ അർജുനൻ മാസ്റ്ററെ പോലെ സാത്വികനായ, സൗമ്യനായ ഒരാളെയും ഞാൻ കണ്ടിട്ടില്ല. മാസ്റ്ററുടെ സംഗീതം പോലെ സംശുദ്ധമായിരുന്നു ആ മനസും. ആരോടും സംഗീതത്തിന് പ്രതിഫലം ചോദിക്കുന്നതു കേട്ടിട്ടില്ല. മാസ്റ്ററുടെ ഗുരു ഭക്തിയും മാതൃകയാക്കേണ്ടതാണ്.
ജി. ദേവരാജൻ, ദക്ഷിണാമൂർത്തിസ്വാമി എന്നിവരോട് ഉണ്ടായിരുന്ന വിനയം അദ്ഭുതപ്പെടുത്തുന്നതാണ്. പ്രശസ്തനായ സംഗീത സംവിധായകനായി നിറഞ്ഞു നിൽക്കുമ്പോഴും അതിന്റെ ഒരു ഭാവവും പരിവേഷവും അർജുനൻ മാസ്റ്റർക്ക് ഉണ്ടായിരുന്നില്ല.’ -കല്ലറ ഗോപന്റെ വാക്കുകൾ.