കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കൊച്ചിയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. 20.7 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയും, ആറു ഗ്രാം എംഡിഎംഎയുമായി തൃക്കാക്കര സ്വദേശിയുമാണ് പിടിയിലായത്. നഗരത്തിലേക്ക് വൻതോതിൽ ലഹരി വസ്തുക്കൾ ഒഴുകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇടപ്പള്ളിയിൽ വെച്ചാണ് പശ്ചിമ ബംഗാൾ സ്വദേശിയായ സിക്കന്ദർ മുല്ല 20.7 കിലോ കഞ്ചാവുമായി പിടിയിലായത്. ഒഡീഷയിൽ നിന്നും ബസിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ഇടപ്പള്ളിയിൽ വന്നിറങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. കഴിഞ്ഞ എട്ടു വർഷമായി ആക്രി വിൽപ്പനയുടെ മറവിലാണ് ഇയാൾ ലഹരികച്ചവടം നടത്തിവന്നിരുന്നതെന്ന് ഡാൻസാഫ് സംഘം വ്യക്തമാക്കി.
മറ്റൊരു സംഭവത്തിൽ നിരവധി ലഹരിക്കേസുകളിൽ പ്രതിയായ തൃക്കാക്കര സ്വദേശി സുർജിത് ആറു ഗ്രാം എംഡിഎംഎയുമായി പിടിയിലായി. നഗരത്തിൽ ലഹരി വൽപ്പന വ്യാപകമാകുന്നതിനിടയിലാണ് ഇയാൾ പോലീസിന്റെ വലയിലായത്. അതേസമയം ഹോട്ടലിൽ മുറിയെടുത്ത് ലഹരികച്ചവടം നടത്തിവന്ന യുവതിയും യുവാവും അറസ്റ്റിലായി.
ആലപ്പുഴ സ്വദേശികളായ മുഹമ്മദ് ഷാഫി, സരിത എന്നിവരിൽ നിന്നും 94.032 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്. നഗരത്തിൽ ലഹരി മാഫിയക്കെതിരെയുള്ള പരിശോധന കർശനമാക്കിയിരിക്കുകയാണ് പോലീസ്.