ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയും പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് തല്ലിച്ചതച്ചതും പാര്‍ലമെന്റിലും പുറത്തും വീണ്ടും ആളിക്കത്തുന്നു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ ഗാന്ധി സ്മൃതിയിലേക്ക് ഇന്നലെ രാത്രി വീണ്ടും നടത്തിയ അപ്രതീക്ഷിത മിന്നല്‍യാത്ര പോലീസ് ആദ്യം തടഞ്ഞതും പിന്നീട് ബാരിക്കേഡ് മാറ്റിയതും അടക്കമുള്ള സംഭവങ്ങള്‍ പ്രശ്നം സങ്കീര്‍ണമാക്കി. രാജ്യമാകെ സമരത്തീച്ചൂളയിലേക്കു മാറിയതോടെ നീറ്റ് പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി.
പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഇന്നലെ വൈകുന്നേരം ചേര്‍ന്ന പ്രതിപക്ഷ എംപിമാരുടെ യോഗത്തിനു പിന്നാലെയാണ് മൂന്നു ബസുകളിലായി ഗാന്ധിസ്മൃതിയില്‍ സത്യഗ്രഹത്തിനായി പുറപ്പെട്ടത്. ബസുകള്‍ പുറപ്പെട്ടയുടന്തന്നെ റോഡില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി പോലീസ് തടഞ്ഞു.
രാഹുല്‍തന്നെ നേരിട്ടിറങ്ങി പോലീസ് മേധാവികളുമായി ചര്‍ച്ച നടത്തിയാണു യാത്ര തുടര്‍ന്നത്. രാഹുലിന്റെ വസതിയിലേക്ക് എംപിമാരെ വിളിച്ചപ്പോള്‍പ്പോലും അതൊരു മിന്നല്‍ സമരത്തിനുവേണ്ടിയാണെന്ന് എംപിമാര്‍ അറിഞ്ഞിരുന്നില്ല.
ആറിനു കടകളടയ്ക്കണം
അതേസമയം, ബാരിക്കേഡുകളും പോലീസ് നിയന്ത്രണങ്ങളും വകവയ്ക്കാതെ ആയിരങ്ങളാണ് സമരവേദിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാർ നിറയുന്ന സാഹചര്യത്തിൽ കൊണാട്ട് പ്ലേസിലെ കടകൾ വൈകുന്നേരം ആറ് മണിയോടെ അടക്കണമെന്ന് പോലീസ് വ്യാപാരികൾക്ക് നിർദേശം നൽകി. ജന്തർമന്തറിലേക്ക് വരുന്നവരെ തടയാൻ നഗരത്തിൽ വൻ പോലീസ് ബന്തവസുണ്ട്. ന്യൂഡൽഹി മേഖലയിൽ പലയിടത്തും ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിനിടെ പോലീസ് ക്രൂരതയ്ക്ക് ഇരയായവർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഇന്ന് സമാധാനപരമായ പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തു. ഒത്തുചേരുന്നിടത്ത് അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഉറക്കെ വായിച്ചുകൊണ്ട് സമാധാനപരമായി പങ്കുചേരാനാണ് ആഹ്വാനം.