മലപ്പുറം: മുൻ എംഎൽഎ പി.നന്ദകുമാറിന്റെ മലപ്പുറം പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി പിണറായി വിജയൻ. നന്ദകുമാറിന്റെ പ്രസംഗത്തെ രാഷ്ട്രീയ എതിരാളികൾ വക്രീകരിച്ച് പ്രചരിപ്പിക്കുകയാണ്. മലപ്പുറത്തെ മതസൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നന്ദകുമാർ ഉദ്ദേശിച്ചതെന്നും പിണറായി പറഞ്ഞു.
വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ കഴിയാത്തതും ശക്തമായ മതസൗഹാർദ്ദം നിലനിൽക്കുന്നതുമായ പ്രദേശമാണ് മലപ്പുറം. ഈ അന്തരീക്ഷം തകർക്കാൻ മതമൗലികവാദികളും വർഗീയ ശക്തികളും ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രത വേണമെന്നാണ് നന്ദകുമാർ പറഞ്ഞത്. മലപ്പുറത്ത് നടന്ന സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമുള്ള പൊതുസമ്മേളനത്തിലാണ് പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിനെയും അതിന്റെ നയങ്ങളെയും പിണറായി രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയതുമുതൽ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നത്. വന്ദേമാതരം പൂർണമായി ചൊല്ലിയതും കേന്ദ്രത്തിന്റെ വഖഫ് ബോർഡ് പരിഷ്കരണങ്ങളോടുള്ള സമീപനവും ഇതിന് ഉദാഹരണങ്ങളാണ്.
കേന്ദ്ര സർക്കാർ വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ചപ്പോൾ എൽഡിഎഫ് അതിനെതിരെ കോടതിയെ സമീപിച്ചു. എന്നാൽ ലീഗ് മന്ത്രിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ വഖഫ് ബോർഡ് പിരിച്ചുവിടണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടതെന്നും പിണറായി ആരോപിച്ചു.