തനിക്കെതിരെ സോഷ്യൽ മീഡിയായിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയാണ് താരം തന്റെ കുടുംബത്തിൽ സംഭവിച്ച കാര്യങ്ങൾ വിശദമാക്കിയത്. തന്റെ അമ്മൂമ്മയും കസിനും ചേർന്നാണ് ഇതെല്ലാം തുടങ്ങിയതെന്നും നാലു ചുമരുകൾക്കുള്ളിൽ തീരേണ്ട വിഷയം പൊതുമധ്യത്തിലെത്തിയെന്നും അഹാന പറയുന്നു. അമ്മൂമ്മയ്ക്കും കസിൻ തൻവിക്കെതിരെയും ഗുരുതര ആരോപണമാണ് അഹാന ഉന്നയിക്കുന്നത്.
അമ്മൂമ്മയുടെ ഭാഗത്തുനിന്നുണ്ടായ അതിരുകടന്ന അധിക്ഷേപങ്ങളും ലൈംഗികപരമായ അശ്ലീല വാക്കുകളുമാണ് ആ ബന്ധം വഷളാക്കിയതെന്നും അഹാന പറയുന്നു.
‘‘കഴിഞ്ഞ കുറച്ചു ആഴ്ചകളായി സോഷ്യൽ മീഡിയയിൽ നടന്ന സംഭവങ്ങൾ എന്നെയും എന്റെ കുടുംബത്തെയും ആഴത്തിൽ വേദനിപ്പിക്കുകയും മാനസികമായി തളർത്തുകയും ചെയ്തു. കുടുംബകാര്യങ്ങൾ സോഷ്യൽ മീഡിയയിലേക്ക് വലിച്ചിഴയ്ക്കേണ്ടതല്ല എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. അതിനാൽ തന്നെ, ഇത് ഞങ്ങളെ എത്രത്തോളം ബാധിച്ചു എന്ന് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല.
നിർഭാഗ്യവശാൽ, നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടിയിരുന്ന ഒരു വിഷയം പൊതുമധ്യത്തിലെത്തി. വികാരങ്ങൾ തീവ്രമാകുമ്പോൾ, പലപ്പോഴും നമ്മൾ തലച്ചോറ് കൊണ്ടല്ല, ഹൃദയം കൊണ്ടാണ് പ്രതികരിക്കുന്നത്. എന്റെ അമ്മ അർഹിക്കാത്ത വിമർശനങ്ങൾ നേരിടുന്നത് കണ്ടപ്പോൾ, പ്രതികരിക്കാൻ ഞാൻ നിർബന്ധിതയാവുകയായിരുന്നു.
ഒരുപക്ഷേ എനിക്ക് മൗനം പാലിക്കാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്തിരുന്നെങ്കിൽ, ഒട്ടും ന്യായമല്ലാത്ത ഒരു തെറ്റിദ്ധാരണയുടെ ഭാരം എന്റെ കുടുംബത്തിന് പേറേണ്ടി വരുമായിരുന്നു. സത്യം തുറന്നുപറഞ്ഞ് ഒരു തെറ്റിദ്ധാരണ തിരുത്തുക മാത്രമാണ് ഞാൻ ചെയ്യുന്നതെന്നാണ് അപ്പോൾ ഞാൻ കരുതിയത്.
‘ഞാൻ പറയുന്നതെല്ലാം സത്യമാണെങ്കിൽ, ഇനി എന്താണ് പേടിക്കാൻ?’ എന്നാണ് ഞാൻ എന്നോട് തന്നെ ചോദിച്ചത്. എന്നാൽ ഇതിനു മറുപടിയായി വ്യാജ ആരോപണങ്ങളും അസത്യങ്ങളും കാര്യങ്ങൾ വളച്ചൊടിച്ചുള്ള വിവരണങ്ങളും ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളും പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുമെന്ന് ഞാൻ ഒട്ടും കരുതിയിരുന്നില്ല.
തങ്ങൾ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങൾ മറച്ചുവയ്ക്കാൻ ചിലർ എത്രത്തോളം അധഃപതിക്കും എന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല എന്നതാണ് എനിക്ക് സംഭവിച്ച തെറ്റ്. ചില മനുഷ്യർ തങ്ങളുടെ സ്വന്തം വാക്കുകളെ നേരിടാൻ ധൈര്യമില്ലാത്തവരാണ്.
അവർ പുതിയ കഥകൾ ഉണ്ടാക്കി ഇന്റർനെറ്റിൽ പങ്കുവെക്കുന്നു. കാരണം, ഇത്തരം കഥകൾ ആഘോഷിക്കാൻ കാത്തിരിക്കുന്ന ഒരു വലിയ വിഭാഗം ആളുകൾ ഇവിടെയുണ്ടെന്ന് അവർക്കറിയാം. ഇതൊന്നും മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല എന്നതാണ് എനിക്ക് സംഭവിച്ച വീഴ്ച. ഇതൊക്കെ സംഭവിക്കുമെന്ന് ഉറപ്പായിരുന്നെങ്കിൽ, ഒരുപക്ഷേ ഞാൻ മൗനം തിരഞ്ഞെടുക്കുമായിരുന്നു.
എന്റെ അമ്മൂമ്മയെ നേരിട്ട് അറിയാവുന്നവർക്ക് ഇതൊരു പുതിയ അറിവായിരിക്കില്ല. എങ്കിലും, ഞങ്ങൾ പങ്കുവച്ച കണ്ടന്റുകളിലൂടെ മാത്രം എഴം അമ്മൂമ്മയെ അറിയുന്ന നിങ്ങളോട് ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു.
എന്റെ അമ്മൂമ്മയും ഞങ്ങളിൽ ചിലരും തമ്മിലുള്ള ബന്ധം 2025 ഒക്ടോബർ മുതൽ വഷളായതാണ്. ഇതിന് പൂർണ ഉത്തരവാദി അവരാണ്. എന്റെ അമ്മൂമ്മയോട് ഞാൻ ഒരു പ്രത്യേക രീതിയിൽ സംസാരിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടെങ്കിൽ, അതിന് കാരണം ഒരു അമ്മൂമ്മയും അവരുടെ കൊച്ചുമക്കളോട് സംസാരിക്കാൻ പാടില്ലാത്ത രീതിയിൽ എന്നോട് സംസാരിച്ചതുകൊണ്ടാണ്. അവർ ഉപയോഗിച്ച വാക്കുകൾ അതിരുകടന്നതായിരുന്നു.
അശ്ലീലവും ലൈംഗികമായി അധിക്ഷേപിക്കുന്നതും ഒരു അമ്മൂമ്മയിൽ നിന്ന് കേൾക്കാൻ അസാധ്യവുമായ കാര്യങ്ങളായിരുന്നു അവ. ആ വൃത്തികേടുകളിലേക്ക് ഇനിയും പോകാന് താല്പര്യമില്ലാത്തതിനാല് ആ വാക്കുകൾ ഞാൻ ഇവിടെ ആവർത്തിക്കുന്നില്ല, എങ്കിലും അവ എനിക്ക് കടുത്ത മുറിവേൽപ്പിച്ചു.
ബഹുമാനം എന്നത് പരസ്പരം നൽകേണ്ട ഒന്നാണ്. പ്രായമോ ബന്ധമോ സ്ഥാനമോ ആർക്കും മറ്റൊരാളെ ഉപദ്രവിക്കാനോ അപമാനിക്കാനോ ഉള്ള ലൈസൻസല്ല. അത് വാങ്ങി തിരിച്ചും ബഹുമാനം പ്രതീക്ഷിക്കരുത്. തെറ്റ് ആര് ചെയ്താലും, അനാവശ്യമായ അനാദരവ് നിശബ്ദം സഹിക്കാനല്ല, പകരം എനിക്കുവേണ്ടി സംസാരിക്കാനാണ് എന്നെ വളർത്തിയത്.
ഇതൊരു പണത്തിന് വേണ്ടിയുള്ള തർക്കമാണെന്ന് ചിത്രീകരിക്കാനും ശ്രമം നടന്നിട്ടുണ്ട്. എന്നാൽ അതൊട്ടും ശരിയല്ല. അധ്വാനിച്ച് സ്വന്തം കാലിൽ നിൽക്കണമെന്നാണ് ഞാനും എന്റെ സഹോദരിമാരും എപ്പോഴും വിശ്വസിച്ചിട്ടുള്ളത്. മാതാപിതാക്കളെയോ അമ്മൂമ്മമാരെയോ ഒരു സാമ്പത്തിക സുരക്ഷിതത്വമായോ സ്വത്തിന്റെ സ്രോതസ്സായോ ഞങ്ങൾ കണ്ടിട്ടില്ല. സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നതിൽ അഭിമാനിക്കുന്ന സ്ത്രീകളാണ് ഞങ്ങൾ, ഭൗതിക നേട്ടങ്ങൾ വെച്ച് ഞങ്ങൾ ബന്ധങ്ങളെ അളന്നിട്ടില്ല. ഈ വിഷയം ഒരിക്കലും അതിനെക്കുറിച്ചായിരുന്നില്ല.
എന്റെ അമ്മൂമ്മ ഫോണിൽ നിന്ന് ഞാൻ അയച്ചതെന്ന് പറഞ്ഞ് ചില മെസേജുകൾ വായിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. അവരോട് എനിക്ക് ഒരൊറ്റ ചോദ്യമേ ചോദിക്കാനുള്ളൂ: മറ്റൊരാളുടെ മറുപടികൾ മാത്രം വായിച്ചു കേൾപ്പിക്കുമ്പോൾ, ആ മറുപടികളിലേക്ക് നയിച്ച മെസേജുകളും സംഭാഷണങ്ങളും അവർ എന്തുകൊണ്ടാണ് മറച്ചുവയ്ക്കുന്നത്?
ഞങ്ങളുടെ സ്വകാര്യ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പിൽ ഞാൻ അയച്ച മെസേജുകൾ എന്റെ കസിൻ വായിക്കുന്നതും നിങ്ങൾ കേട്ടിട്ടുണ്ടാകും. ഞാൻ പറഞ്ഞ കാര്യങ്ങൾ ഞാൻ നിഷേധിക്കുന്നില്ല. ആ സമയത്ത് ഞാൻ ദേഷ്യത്തിലായിരുന്നു, സാധാരണയായി ഉപയോഗിക്കാത്ത വാക്കുകൾ ഉപയോഗിച്ചിട്ടുമുണ്ട്. എന്നാൽ നിങ്ങൾ കേട്ടത് എന്റെ മെസേജുകൾ മാത്രമാണ്, അതിന് ആസ്പദമായ മുഴുവൻ സംഭാഷണങ്ങളുമല്ല.
അമ്മൂമ്മയുമായി കാര്യങ്ങൾ എത്രത്തോളം ബുദ്ധിമുട്ടായി മാറുന്നു എന്ന് എന്റെ കസിൻ തന്നെ പറഞ്ഞു തുടങ്ങിയതായിരുന്നു ആ സംഭാഷണങ്ങളിൽ പലതും. അതിനോട് പ്രതികരിക്കുക മാത്രമാണ് ഞങ്ങൾ ചെയ്തത്. യാഥാർഥ്യം ഇതായിരിക്കെ, സ്വന്തം മെസേജുകളും സന്ദർഭവും ഒഴിവാക്കി എന്റെ മെസേജുകൾ മാത്രം തിരഞ്ഞെടുത്ത് വായിക്കുന്നത് കണ്ടപ്പോൾ എനിക്ക് വലിയ ആഘാതമാണ് ഉണ്ടായത്.
ഇതിൽ നിന്ന് എനിക്ക് ഒരു കാര്യം വ്യക്തമായി: സത്യം എന്താണെങ്കിലും, അവർ നിർമിച്ച വ്യാജ കഥകളെ ഞാൻ ചോദ്യം ചെയ്തു എന്ന ഒരൊറ്റ കാരണത്താൽ എന്നെ ഏറ്റവും മോശക്കാരിയായി ചിത്രീകരിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
ഞാൻ അമ്മൂമ്മയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നതായിരുന്നു എനിക്കെതിരെ ഉന്നയിക്കപ്പെട്ട ഏറ്റവും ഗുരുതരമായ ആരോപണം. അത് തികച്ചും അസത്യമാണ്. എന്റെ അപ്പൂപ്പന്റെ മരണത്തിന് 2 മാസത്തിന് ശേഷം, കുടുംബപരമായ ചില കാര്യങ്ങൾ സംസാരിക്കാൻ ഞാനും അമ്മയും അനിയത്തിമാരും ഒരു സുഹൃത്തും കൂടി അമ്മൂമ്മയെ സന്ദർശിച്ച സംഭവത്തെക്കുറിച്ചാണ് അവർ പറയുന്നത്.
മുൻപും സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് അമ്മൂമ്മ അവകാശപ്പെട്ടിരുന്നതിനാൽ, ഇത്തരം സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നത് ഞങ്ങൾ ഒരു പതിവാക്കിയിരുന്നു. അന്ന് ഞങ്ങൾ അവിടെ എത്തിയത് മുതൽ തിരികെ പോകുന്നതുവരെയുള്ള മുഴുവൻ റെക്കോർഡിംഗും ഞങ്ങളുടെ പക്കലുണ്ട്. അന്ന് എന്താണ് സംഭവിച്ചതെന്ന് അതിൽ വ്യക്തമാണ്, എനിക്കെതിരെ ഇപ്പോൾ ഉന്നയിക്കപ്പെട്ട ആരോപണം അതിൽ എവിടെയുമില്ല.
ഇത് ഒരു ഉദാഹരണം മാത്രം. ഇവർ രണ്ടുപേരും ചേർന്ന് എനിക്കെതിരെ ഉന്നയിച്ച മറ്റ് പല ആരോപണങ്ങളും അസത്യമാണ്. ചാറ്റുകളിലും റെക്കോർഡിംഗുകളിലും സത്യം ഭദ്രമാണ്, അത് തെളിയിക്കേണ്ട ഒരു ദിവസം വന്നാൽ ഞാൻ അത് ചെയ്യും.
എന്റെ കസിൻ ഇതിൽ ഒരു പുറത്തുനിന്നുള്ള ആളായിരുന്നില്ല. ഈ സംഭവങ്ങളിലൂടെയെല്ലാം അവരും കടന്നുപോയതാണ്. അമ്മൂമ്മയുമായി അവർക്കും കടുത്ത അനുഭവം ഉണ്ടായിട്ടുണ്ട്, ബുദ്ധിമുട്ടുകൾ വന്നപ്പോൾ അവർ ഞങ്ങളുടെ അടുത്തേക്കാണ് സഹായത്തിനായി വന്നത്.
ഞങ്ങൾ ഉപാധികളില്ലാതെ അവർക്കൊപ്പം നിന്നു. ആ സംഭാഷണങ്ങൾ അതായിരുന്നു. എല്ലാ കാര്യങ്ങളും വ്യക്തമായി അറിഞ്ഞിട്ടും, അപ്പൂപ്പന്റെ മരണത്തിനുശേഷം പ്രായമായ ഒരു സ്ത്രീയെ ഞങ്ങൾ ഉപേക്ഷിച്ചു എന്ന് വരുത്തിത്തീർക്കാനും സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധാരണ പരത്താനും അവർ ശ്രമിച്ചു. 74 വയസ്സുള്ള എന്റെ അമ്മൂമ്മയ്ക്ക് സോഷ്യൽ മീഡിയയുടെ വ്യാപ്തിയെക്കുറിച്ചോ വ്യാജ പ്രചാരണങ്ങൾ വരുത്തുന്ന നാശനഷ്ടങ്ങളെക്കുറിച്ചോ അറിവുണ്ടായേക്കില്ല. എന്നാൽ എന്റെ കസിന് അത് വ്യക്തമായി അറിയാമായിരുന്നു.
അസത്യങ്ങൾ കാരണം തെറ്റിദ്ധരിക്കപ്പെടുക എന്നതാണ് ഇതിലെ ഏറ്റവും സങ്കടകരമായ കാര്യം. മിനിറ്റുകൾക്കുള്ളിൽ ഈ വ്യാജ കഥകളെല്ലാം പൊളിച്ചടുക്കാൻ പോന്ന ചാറ്റുകളും ഓഡിയോ റെക്കോർഡിംഗുകളും വിഡിയോകളും തെളിവുകളും എന്റെ പക്കലുണ്ട്. ഞാൻ ഇതെല്ലാം പരസ്യമാക്കിയാൽ ഇന്ന് പലരും പുലർത്തുന്ന അഭിപ്രായങ്ങൾ മാറും എന്നതിൽ എനിക്ക് സംശയമില്ല. എന്നാൽ സ്വകാര്യ സംഭാഷണങ്ങൾ പൊതുമധ്യത്തിൽ ഇട്ടാൽ, ഞാൻ എതിർത്ത അതേ പ്രവൃത്തി തന്നെ ചെയ്യുന്ന ആളായി ഞാനും മാറും. ഞാൻ അങ്ങനെയൊരാളല്ല, അങ്ങനെ ആകാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല.
എന്റെ പേരിന് കളങ്കമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾ നടത്തുന്ന കസിനെതിരെ അപകീർത്തിക്കേസ് കൊടുക്കാനും നിയമപരമായി മുന്നോട്ട് പോകാനും എനിക്ക് പൂർണ അവകാശമുണ്ട്.
എന്നാൽ രണ്ട് കാരണങ്ങളാൽ ഞാൻ അതിൽ നിന്ന് പിന്തിരിയുകയാണ്. എന്റെ കസിന് കുട്ടികളുണ്ട്, അവരെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നുണ്ട്; അവരുടെ തെറ്റല്ലാത്ത കാര്യങ്ങൾക്ക് അവരെ ശിക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
രണ്ടാമതായി, കുടുംബകാര്യങ്ങൾ പരസ്യമായ പോരാട്ടങ്ങൾക്കാനുള്ളതല്ല എന്ന് ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട്. കോടതിമുറി മറ്റൊരു പരസ്യ പോരാട്ടമാണ്, എന്റെ കുടുംബം ഇനിയൊരു പോരാട്ടം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇത് തുടരുകയാണെങ്കിൽ, എന്റെ കുടുംബത്തെ ഇനിയും ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണെങ്കിൽ, ഞങ്ങൾക്ക് ലഭിച്ച നിയമോപദേശമനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കും. എനിക്ക് അതിന് താല്പര്യമില്ല. അങ്ങോട്ടേക്ക് എത്തുന്നതിന് മുൻപ് ഇത് അവസാനിപ്പിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.
എന്റെ വിഡിയോയെക്കുറിച്ച് പലർക്കും അഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെന്നും എനിക്ക് അത് അവഗണിക്കാമായിരുന്നുവെന്നും പലരും ചോദിച്ചതായി എനിക്കറിയാം. സത്യത്തിൽ, ഒരു വിഡിയോയോടുള്ള പ്രതികരണമായിരുന്നില്ല എന്റേത്. അതിനുശേഷം ഉണ്ടായ സംഭവങ്ങളോടായിരുന്നു പ്രതികരണം. അമ്മയുടെ പോസ്റ്റുകൾക്ക് താഴെയും ഇൻബോക്സിലും 'പെറ്റമ്മയെ ഉപേക്ഷിച്ച മകൾ' എന്ന് വിളിച്ച് ആളുകൾ അധിക്ഷേപിക്കുകയായിരുന്നു, അത് അമ്മയെ തളർത്തി.
സ്വന്തം അച്ഛന്റെ അവസാന നാളുകളിൽ അദ്ദേഹത്തിന്റെ പരിചരണത്തിനായി കഷ്ടപ്പെടുകയും കഴിയുന്നതെല്ലാം ചെയ്യുകയും ചെയ്ത ഒരു സ്ത്രീയാണത്. തെറ്റായ ഒരു കഥയുടെ പേരിൽ എന്റെ അമ്മ പൊതുമധ്യത്തിൽ അപമാനിക്കപ്പെടുന്നത് കണ്ടപ്പോൾ, ഒരു മകൾ എന്ന നിലയിൽ എനിക്ക് അറിയാവുന്ന രീതിയിൽ ഞാൻ പ്രതികരിച്ചു. എന്റെ വിഡിയോയിൽ പറഞ്ഞ കാര്യങ്ങളിൽ, എന്റെ ചിന്നമ്മയെ പിന്തുണച്ചതിൽ ഉൾപ്പെടെ ഞാൻ ഉറച്ചുനിൽക്കുന്നു. വ്യാജ കഥകൾക്ക് മുന്നിൽ മൗനം പാലിച്ച് പ്രശംസ നേടുന്നതിനേക്കാൾ, സത്യത്തിന് വേണ്ടി നിലകൊണ്ടതിന് വിമർശിക്കപ്പെടുന്നതാണ് എനിക്ക് ഇഷ്ടം.
നിർഭാഗ്യവശാൽ, ചില സ്ത്രീകളെ വിധി എഴുതാൻ നമ്മുടെ സമൂഹത്തിന് എന്നും തിടുക്കമാണ്. പരാജയപ്പെട്ട ഒരു വിവാഹബന്ധത്തിൽ നിന്ന് മാറി ചിന്തിച്ച ഒരു സ്ത്രീ ഇവിടെ വേട്ടയാടപ്പെടുന്നു. ഒരു അമ്മ തന്റെ കുഞ്ഞിനെ ഉപേക്ഷിച്ചു എന്ന് ആരോപിക്കുന്നത് പൊതുജനങ്ങളെ ഒരാൾക്കെതിരെ തിരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ്.
ഒരു കുടുംബമെന്ന നിലയിൽ, ഞാനും എന്റെ കുടുംബവും എപ്പോഴും എന്റെ കസിനോടും അമ്മായിയോടും സഹതാപം പുലർത്തിയിട്ടുണ്ട്; കാരണം മുഴുവൻ കാര്യങ്ങളും അറിയാവുന്നവരാണ് ഞങ്ങൾ, ഇന്നത്തെ ഈ അവസ്ഥയ്ക്ക് രണ്ടുപേരും ഉത്തരവാദികളല്ല എന്ന് ഞങ്ങൾക്കറിയാം. എന്നാൽ സഹതാപം തട്ടിയെടുക്കാൻ മറ്റൊരു കുടുംബാംഗത്തിനെതിരെ സോഷ്യൽ മീഡിയയെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കാൻ ഞങ്ങൾക്ക് കഴിയില്ല.
ട്രോമയെക്കുറിച്ച് നടക്കുന്ന ചർച്ചകളെക്കുറിച്ച് പറയുമ്പോൾ, ഒരാൾ മൗനം പാലിക്കുന്നു എന്നതിനർഥം അവർക്ക് മാനസികമായി മുറിവേറ്റിട്ടില്ല എന്നല്ല. ചിലർ തങ്ങളുടെ വേദനകൾ ഉള്ളിലൊതുക്കുന്നു, അത് പബ്ലിക് കണ്ടന്റാക്കി മാറ്റി അന്യരുടെ സഹതാപം തേടാറില്ല. എന്റെ ചിന്നമ്മയുടെ വേദന അത് പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ് എന്നതുകൊണ്ട് മാത്രം ഇല്ലാതാകുന്നില്ല.ഡിപ്രെഷൻ, ട്രോമ, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ വൈദ്യസഹായവും അനുഭാവവും അർഹിക്കുന്ന യഥാർഥ ക്ലിനിക്കൽ അവസ്ഥകളാണ്. സ്വന്തം തെറ്റുകൾ മറയ്ക്കാനുള്ള പരിചയായി അവയെ ഉപയോഗിക്കരുത്. ഒരാളുടെ തെറ്റായ പ്രവർത്തികളെ ന്യായീകരിക്കാൻ ഈ വാക്കുകൾ ഉപയോഗിക്കാൻ പാടില്ല.
ഏാനും മാസങ്ങൾക്ക് മുൻപ് വരെ ഞാൻ എന്റെ അമ്മൂമ്മയുടെ ഏറ്റവും പ്രിയപ്പെട്ട കൊച്ചുമകളായിരുന്നു. കാരണം അവരുടെ വാക്കുകളിൽ, അവർക്കൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചതും പരിചരിച്ചതും ഒരു കൊച്ചുമകൾ ചെയ്യേണ്ടതിലും അപ്പുറം കാര്യങ്ങൾ ചെയ്തതും ഞാനായിരുന്നു. ഇതിനർഥം എന്റെസഹോദരിമാർ ഒന്നും ചെയ്തിട്ടില്ല എന്നല്ല, അവരും തങ്ങളുടേതായ രീതിയിൽ അമ്മൂമ്മയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ തനിക്ക് ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്തു നൽകുന്നവരെ അതാത് സമയങ്ങളിൽ പുകഴ്ത്തുന്ന രീതി അമ്മൂമ്മയ്ക്കുണ്ടായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ, ആ സ്നേഹം ഞാൻ ആരാണെന്നതിനേക്കാൾ ഞാൻ അവർക്ക് ചെയ്തു നൽകിയ കാര്യങ്ങളോടായിരുന്നോ എന്ന് ഞാൻ സംശയിക്കുന്നു. ഞാൻ അവരുടെ പ്രവൃത്തികളെ ചോദ്യം ചെയ്യുകയും അവർക്ക് എന്നിൽ നിന്നുള്ള സാമ്പത്തികമോ അല്ലാത്തതോ ആയ നേട്ടങ്ങൾ നിൽക്കുകയും ചെയ്ത നിമിഷം, ഞാൻ ചെയ്തതെല്ലാം ഒറ്റരാത്രികൊണ്ട് മായ്ച്ചുകളയപ്പെട്ടു.
എന്റെ അമ്മൂമ്മ ഞാൻ ചെയ്ത നല്ല കാര്യങ്ങൾ മറന്നിട്ടുണ്ടാകാം, മനുഷ്യർ അവർക്ക് ഓർക്കാൻ ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം ഓർക്കുന്നു എന്ന കാര്യം ഞാൻ മനസ്സിലാക്കുന്നു. അത് സാരമില്ല. ഞങ്ങൾ ഒന്നിച്ചു പങ്കുവച്ച നല്ല നിമിഷങ്ങൾ അവർ മറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ അത് മറന്നിട്ടില്ല. ഞാൻ അവർക്കായി ചെയ്തതൊക്കെ എന്തിനാണെന്ന് എനിക്കറിയാം, ആ നല്ല ഓർമ്മകൾ ഞാൻ എന്നും മനസിൽ സൂക്ഷിക്കും.
ഇനി ഞങ്ങൾക്ക് അമ്മൂമ്മയെ സംരക്ഷിക്കാൻ കഴിയില്ല. അതിൽ നിന്ന് ഇറങ്ങിപ്പോരുക എന്നത് അധിക്ഷേപങ്ങളിൽ നിന്ന് ഞങ്ങളെത്തന്നെ സംരക്ഷിക്കാനുള്ള ഒരേയൊരു വഴിയായിരുന്നു. എന്നാൽ അവർക്ക് 74 വയസ്സായി, ഈ വിവാദങ്ങളെല്ലാം ലോകം മറന്ന ശേഷവും അവരെ നോക്കാൻ ആർക്കെങ്കിലും ഒരാൾ വേണം.
താൻ കാനഡയിലെ ജീവിതം ഉപേക്ഷിച്ച് തിരികെ വന്നത് അമ്മൂമ്മയെ പരിചരിക്കാനാണെന്ന് എന്റെ കസിൻ ലോകത്തോടു പറഞ്ഞു. അമ്മൂമ്മയുടെ നന്മയ്ക്കായി അത് സത്യമാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. വീഡിയോകൾ ചെയ്യാനില്ലാതാവുകയും കാണാൻ പ്രേക്ഷകരില്ലാതാവുകയും ചെയ്യുമ്പോൾ പോലും ആ പരിചരണം തുടരുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.
ഓൺലൈനിൽ കണ്ട കാര്യങ്ങളുടെ അടിസ്ഥാനത്തിൽ എന്നെ വിധി എഴുതാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, എനിക്ക് അത് മനസ്സിലാകും. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾക്ക് അവകാശമുണ്ട്. കുറച്ചു സ്ക്രീൻഷോട്ടുകൾക്കും ക്ലിപ്പുകൾക്കും ഒരു കഥയുടെ മുഴുവൻ വശങ്ങളും കാണിക്കാൻ കഴിയില്ലെന്നും എനിക്കറിയാം.
കഥയുടെ മുഴുവൻ വശങ്ങളും അറിയാതെ വിധി എഴുതുന്നതിന് മുൻപ് ചിലരെങ്കിലും കുറച്ചുകൂടി ക്ഷമ കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. എങ്കിലും സാരമില്ല. എന്നെ വ്യക്തിപരമായും അല്ലാതെയും അറിയാവുന്നവർക്ക് എന്റെ ഹൃദയവും സത്യവും അറിയാം, എനിക്ക് അത് മാത്രം മതി.
ചിലർ അസത്യങ്ങൾക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ സത്യത്തോടൊപ്പം ജീവിക്കാൻ തിരഞ്ഞെടുക്കുന്നു. ദിവസാവസാനം, ഹൃദയത്തിൽ സത്യസന്ധതയും നന്മയും സൂക്ഷിക്കുന്നവർക്കാണ് സമാധാനം ലഭിക്കുക എന്ന് ഞാൻ വിശ്വസിക്കുന്നു. ഒളിക്കാൻ ഒന്നുമില്ലെന്നും, ഭയപ്പെടാൻ ഒന്നുമില്ലെന്നും, തെളിയിക്കാൻ ഒന്നുമില്ലെന്നും ഉള്ള ബോധ്യം പൂർണ ഹൃദയത്തോടെ പുഞ്ചിരിക്കാൻ എന്നെ സഹായിക്കുന്നു.
എനിക്ക് ഉറപ്പുള്ള ഒരു കാര്യമുണ്ട്: സത്യസന്ധത, കഠിനാധ്വാനം, യഥാർഥ വ്യക്തിത്വത്തോടെ ജീവിക്കാനുള്ള ധൈര്യം എന്നിവയിലൂടെ വർഷങ്ങൾ കൊണ്ട് നേടിയെടുത്ത ഒരു പേര് ഒറ്റരാത്രികൊണ്ട് ഇല്ലാതാവില്ല. ഞാൻ പൂർണതയുള്ളവളാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ഞാൻ ഞാനായിരിക്കാൻ ആഗ്രഹിച്ചു, എന്റെ തെറ്റുകൾ അംഗീകരിച്ചു, ആത്മാർഥതയോടെ ജീവിച്ചു. അതാണ് ഈ വർഷങ്ങളത്രയും എനിക്ക് ഇത്രയും മനുഷ്യരുടെ സ്നേഹവും വിശ്വാസവും നേടിത്തന്നത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ആ സ്നേഹം ഞാൻ മുൻപെങ്ങുമില്ലാത്തവിധം തൊട്ടറിഞ്ഞു.
എനിക്കൊപ്പം നിലകൊണ്ടവർക്ക്, എന്നെ വിശ്വസിച്ചവർക്ക്, ഞാൻ ആരാണെന്ന് എന്നെ ഓർമിപ്പിച്ചവർക്ക് നന്ദി. എന്നെ ബന്ധപ്പെട്ടവർക്കും, അരക്കഥകൾ കേട്ട് എന്നെയും കുടുംബത്തെയും വിധി എഴുതാതിരുന്നവർക്കും നന്ദി. നിങ്ങൾ ആ ക്ഷമ കാണിക്കേണ്ടതില്ലായിരുന്നു, എന്നിട്ടും നിങ്ങൾ അത് ചെയ്തു. അത് എനിക്ക് നൽകിയ ആശ്വാസം വാക്കുകൾക്ക് അതീതമാണ്. ഞാൻ എവിടെയാണ് നിൽക്കുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം, ആത്മാർത്ഥമായ സ്നേഹവും വിശ്വാസവും പിന്തുണയും നൽകുന്ന മനുഷ്യർക്കൊപ്പം ഞാൻ ഇവിടെത്തന്നെ ഉണ്ടാകും.
ഇതോടെ, ഈ അധ്യായം പൂർണ്ണമായും, എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
അവസാനമായി ഒന്നു കൂടി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇന്റർനെറ്റ് എന്നെക്കുറിച്ച് ദിവസവും പുതിയ ഓരോ ‘വിവാദങ്ങൾ’ കണ്ടുപിടിക്കുന്നത് ഞാൻ കണ്ടു. അതിൽ ചിലത് തമാശയായി തോന്നിയതിനാൽ മറുപടി പോലും അർഹിക്കുന്നില്ല.
സ്കൂളിലും കോളജിലും ഞാനും സഹോദരിമാരും റാഗിംഗ് നടത്തുന്ന വില്ലത്തികളായിരുന്നു എന്ന രീതിയിലുള്ള കഥകൾ, കേവലം ഭാവനകളെ എത്രത്തോളം ആത്മവിശ്വാസത്തോടെ ആളുകൾ സത്യമെന്നോണം അവതരിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്.
അതുകൊണ്ട്, യഥാർഥ സത്യം അറിയാൻ ആഗ്രഹമുള്ളവരോട് എനിക്ക് ഒരു ലളിതമായ ക്ഷണമുണ്ട്. തിരുവനന്തപുരത്തെ 'ഹോളി ഏഞ്ചൽസ് ഐ.എസ്.സി' സ്കൂളിലും പിന്നീട് ചെന്നൈയിലെ 'എം.ഒ.പി വൈഷ്ണവ്' കോളജിലുമാണ് ഞാൻ പഠിച്ചത്. ദയവായി ഈ സ്ഥാപനങ്ങൾ സന്ദർശിക്കുക. അവിടെയുള്ളവരോട് സംസാരിക്കുക, അന്വേഷണം നടത്തി വസ്തുതകൾ ഉറപ്പുവരുത്തുക. അതിനുശേഷം മാത്രം വെറും ഗോസിപ്പുകൾക്ക് വേണ്ടി ഉണ്ടാക്കിയ കഥകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക. സത്യത്തിന് ഒരിക്കലും അന്വേഷണത്തെ ഭയമില്ല.
ഒടുവിലായി... സൈബർ ബുള്ളിയിംഗ് കൊണ്ട് എന്റെ മൂല്യം ചോദ്യം ചെയ്യാനോ, എന്റെ വെളിച്ചം കെടുത്താനോ, എന്നെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റാനോ കഴിയുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ... ഒന്നു കൂടി ചിന്തിക്കുക!
സ്നേഹവും സമാധാനവും ആത്മാഭിമാനവും സത്യവും പുലരട്ടെ.’’–അഹാന കൃഷ്ണയുടെ വാക്കുകൾ.