ലണ്ടൻ: യുകെയിൽ ചിത്രീകരണം പൂർത്തിയായ "ബിഹൈൻഡ്' എന്ന ചിത്രത്തിലെ ഇംഗ്ലീഷ് ഗാനം റിലീസ് ചെയ്തു. ഗായകൻ ജി. വേണുഗോപാലും സംവിധായകൻ ജോണി ആന്റണിയും ചേർന്നാണ് ഗാനം പ്രകാശനം ചെയ്തത്.
യുകെ മലയാളികൾക്ക് സുപരിചിതയായ ഗായിക ഡെന ആൻ ജോമോനാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുൻപ് ഇംഗ്ലീഷ് ആൽബം ഗാനങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഡെനയുടെ ആദ്യ സിനിമാ ഗാനമാണിത്. യുകെയിൽ താമസിക്കുന്ന എഴുത്തുകാരി ബീന റോയിയുടേതാണ് വരികൾ.
പൂർണമായും യുകെയിൽ ചിത്രീകരിച്ച ഈ ത്രില്ലർ ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ജിൻസൻ ഇരിട്ടിയാണ്. ജി. വേണുഗോപാൽ ഈണം നൽകി, അജ്മൽ ഫാത്തിമ പർവീണും ജി. വേണുഗോപാലും ചേർന്ന് ആലപിച്ച സിനിമയിലെ മറ്റൊരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
യുകെയിലെ പഴയതും പുതിയതുമായ തലമുറയിൽപ്പെട്ട ഒട്ടേറെ കലാകാരന്മാരും ഏതാനും ഇംഗ്ലീഷ് അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. യുകെ ആർട്ട് ഫോറത്തിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക് എത്തും.