വിവാദങ്ങൾക്കും അനശ്ചിതത്വങ്ങൾക്കുമൊടുവിൽ, തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ ഇളയദളപതി വിജയ്യുടെ ജനനായകൻ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ സെൻസറിംഗ് നടപടികൾ പൂർത്തിയാക്കിയതായി നിർമാതാക്കൾ അറിയിച്ചു. ഏറെ നാളത്തെ നിയമനടപടികൾക്കൊടുവിലാണ് ചിത്രത്തിന് സെൻസർ ബോർഡിന്റെ അനുമതി ലഭിക്കുന്നത്. ഔദ്യോഗിക സർട്ടിഫിക്കറ്റ് അണിയറപ്രവർത്തകർക്ക് ഉടൻ കൈമാറും.
സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഈ മാസം അവസാനത്തോടെ ചിത്രം തിയറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ലക്ഷ്യമിടുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ് രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപുള്ള, അദ്ദേഹത്തിന്റെ കരിയറിലെ അവസാന ചിത്രമായാണു കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാലോകവും കാത്തിരിക്കുന്നത്. പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജനനായകന്റെ റിലീസ് അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ രീതിയിലുള്ള അനിശ്ചിതത്വങ്ങളിലൂടെയാണ് ചിത്രം കടന്നുപോയത്. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നീണ്ട നിയമനടപടികൾ നേരിടേണ്ടി വന്നിരുന്നു. ഇതേത്തുടർന്ന് സിനിമയുടെ നിർമാതാക്കൾക്ക് പലതവണ തങ്ങളുടെ റിലീസ് പ്ലാനുകൾ മാറ്റിവയ്ക്കേണ്ടതായും വന്നു. ഡിജിറ്റൽ ബിസിനസിൽ നിർമാതാക്കൾക്ക് വൻ നഷ്ടവും സംഭവിച്ചിരുന്നു.
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഈ പ്രൊജക്റ്റിനെക്കുറിച്ചുള്ള ചർച്ചകളും അഭ്യൂഹങ്ങളും സിനിമാ വ്യവസായത്തിലും ആരാധകർക്കിടയിലും ശക്തമായിരുന്നു.