ഇടുക്കി: ആനത്താരകളിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള വൈദ്യുത വേലികളും കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. വന്യമൃഗങ്ങൾ സഞ്ചരിച്ചിരുന്ന പാതകൾ അടഞ്ഞതാണ് മനുഷ്യ - വന്യജീവി സംഘർഷം വർധിക്കാൻ കാരണമായതെന്ന വനംവകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം ഉത്തരവിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ഇടുക്കിയിൽ ഈ വർഷം മാത്രം കാട്ടാന ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മനുഷ്യ - വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികൾ ആലോചിക്കാൻ 19ന് യോഗം ചേർന്നിരുന്നു. വന്യജീവികളുടെ സഞ്ചാരപാതകൾ അടഞ്ഞത് ആക്രമണം വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന വിലയിരുത്തലുണ്ടായത്.
ആവശ്യമായ അനുമതികളില്ലാതെ സ്ഥാപിച്ച ഫെൻസിംഗുകളും ആനത്താരകൾ കൈയേറി നിർമിച്ച കെട്ടിടങ്ങളുമാണ് വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് തടസമാകുന്നതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ഇതേത്തുടർന്നാണ് ഇത്തരം നിർമാണങ്ങളും വൈദ്യുത വേലികളും നീക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയത്.
വന്യജീവികളുടെ സ്വൈര്യസഞ്ചാരം ഉറപ്പാക്കുന്നതിനും മനുഷ്യ - വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പൊളിച്ചുനീക്കൽ നടപടി. എന്നാൽ ജനവാസ മേഖലകളിലെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ഉയർത്തിയാണ് ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നത്.