ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് (കാരബാവൊ കപ്പ്) ഫുട്ബോള്‍ കിരീടം പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിക്കു സ്വന്തം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആഴ്സണല്‍ എഫ്സിയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കു കീഴടക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി കിരീടം സ്വന്തമാക്കിയത്.
ഗോള്‍രഹിതമായ ഒരു മണിക്കൂറിനുശേഷം നാലു മിനിറ്റിനിടെ രണ്ടുതവണ വല കുലുക്കിയ നിക്കോ ഒറീലിയുടെ മികവിലായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. 60, 64 മിനിറ്റുകളിലായിരുന്നു ഒറീലിയുടെ ഗോളുകള്‍.
യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനോട് (5-1) പരാജയപ്പെട്ട് പുറത്തായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഈ കിരീട നേട്ടം ചെറിയ ആശ്വാസം പകരും.
കേപ്പയുടെ കുഴപ്പം
60-ാം മിനിറ്റില്‍ ആഴ്സണല്‍ എഫ്സി ഗോള്‍ കീപ്പര്‍ കേപ്പ അരിസബലാഗയുടെ പിഴവില്‍നിന്നായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുടെ ആദ്യഗോള്‍ പിറന്നത്. റയാന് ചെര്‍ക്കിയുടെ ക്രോസ് കൈപ്പിടിയില്‍ ഒതുക്കാന്‍ ചാടിയ കേപ്പയ്ക്കു പിഴച്ചു. കേപ്പയെ കടന്നെത്തിയ പന്ത് ക്ലോസ് റേഞ്ച് ഹെഡറിലൂടെ ഒറീലി വലയിലാക്കി.
എന്നാല്‍, കേപ്പയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെ ആഴ്സണല്‍ കോച്ച് മൈക്കല്‍ ആര്‍ടെറ്റ ന്യായീകരിച്ചു. പിഴവുകള്‍ ഫുട്ബോളിന്റെ ഭാഗമാണെന്നും ആര്‍ക്കും പിഴവു പറ്റാമെന്നും ആര്‍ടെറ്റ മത്സരശേഷം പറഞ്ഞു. ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായ ഡേവിഡ് റായയ്ക്കു വിശ്രമം നല്‍കിയാണ് ആര്‍ടെറ്റ കേപ്പയെ കളത്തില്‍ ഇറക്കിയത്.
പെപ് റിക്കാര്‍ഡ്
മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിക്ക് ഇത് ഒമ്പതാം ലീഗ് കപ്പ്. 2020-21 സീസണിലായിരുന്നു അവസാനമായി സിറ്റി ലീഗ് കപ്പ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ സിറ്റിക്ക് ട്രോഫി ഒന്നും നേടാനായില്ല. പെപ് ഗ്വാര്‍ഡിയോളയുടെ ശിക്ഷണത്തിന്റെ കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റി നേടുന്ന അഞ്ചാമത് ലീഗ് കപ്പ് ട്രോഫിയാണിത്. ഇതോടെ ലീഗ് കപ്പ് ചരിത്രത്തിലെ ഏറ്റവും വിജയശ്രീലാളിതനായ മാനേജര്‍ എന്ന നേട്ടം പെപ് ഗ്വാര്‍ഡിയോളയ്ക്കു സ്വന്തം.
നാലു തവണ വീതം ലീഗ് കപ്പ് സ്വന്തമാക്കിയ സര് അലക്സ് ഫെര്ഗൂസണ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ബ്രയാല്‍ ക്ലോഫ് (നോട്ടിംഗ്ഹാം ഫോറസ്റ്റ്), ഹൊസെ മൗറീഞ്ഞോ (ചെല്‍സി-മൂന്ന്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ഒന്ന്) എന്നിവരെയാണ് പെപ് ഗ്വാര്‍ഡിയോള പിന്തള്ളിയത്.