കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിൽ ഒന്നു മുതൽ മൂന്ന് വരെ പ്രതികളായ ആകാശ് തില്ലങ്കേരി, റിജിൽ രാജ്, ജിതിൻ എന്നിവർ സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റീസ് സി.എസ്.ഡയസിന്റെ ഉത്തരവ്.
തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നും ജഡ്ജി സാക്ഷികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്നും പ്രതികൾ ഹർജിയിൽ ആരോപിച്ചിരുന്നു.
കോടതി മാറ്റണമെന്ന അപേക്ഷ നൽകിയതിന്റെ പേരിൽ കേസിലെ 18 പ്രതികളുടെയും ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെട്ട് ജാമ്യം അനുവദിച്ചതും പ്രതികൾ ചൂണ്ടിക്കാട്ടി. എന്നാൽ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാൻ തക്കതായ കാരണങ്ങളൊന്നും ബോധ്യപ്പെട്ടിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
തുടർന്നാണ് ഹർജികൾ തള്ളിയത്. അതേസമയം കേസിലെ രണ്ടാം സാക്ഷിയുടെ മൊഴി ചോദ്യോത്തര രൂപത്തിൽ രേഖപ്പെടുത്തണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യവും ഹൈക്കോടതി നിരസിച്ചു. സാക്ഷി മുൻകൂട്ടി പഠിപ്പിച്ചുവിട്ട രീതിയിലാണ് മൊഴി നൽകുന്നതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ സാക്ഷിമൊഴി വിവരണാത്മകമായി രേഖപ്പെടുത്തുന്നതാണ് നിയമപരമായ രീതിയെന്നും അത് ചോദ്യോത്തര രൂപത്തിൽ രേഖപ്പെടുത്തണമെന്ന് പ്രതിഭാഗത്തിന് നിർബന്ധം പിടിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ ഇക്കാര്യത്തിൽ വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി ശരിവച്ചു.