വാഷിംഗ്ടൺ: പ്രമുഖ മാധ്യമസ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തിയ നടപടിയിൽ വിവാദങ്ങൾ കനക്കുന്നതിനിടെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന 'ട്രംപ് ടി.വി' എന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോം പുറത്തിറക്കി വൈറ്റ് ഹൗസ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ പ്രസംഗങ്ങൾ, ഔദ്യോഗിക പ്രഖ്യാപനങ്ങൾ, ഭരണകൂടത്തിന്റെ പുതിയ വിവരങ്ങൾ എന്നിവ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ് ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം.
"എല്ലാ പ്രധാന സംഭവങ്ങളും നിങ്ങളുടെ ടെലിവിഷൻ സ്ക്രീനുകളിൽ എത്തിയിട്ടില്ല, എന്നാൽ ഇനി അത് സാധ്യമാകും" എന്ന് വ്യക്തമാക്കിക്കൊണ്ടാണ് വൈറ്റ് ഹൗസ് സോഷ്യൽ മീഡിയയിലൂടെ സംപ്രേഷണത്തിന്റെ പ്രഖ്യാപനം നടത്തിയത്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഉൾപ്പെടെയുള്ള പ്രധാന നിമിഷങ്ങളും തത്സമയ ഭരണകൂട വാർത്തകളും വൈറ്റ് ഹൗസ് വെബ്സൈറ്റിലൂടെയും യൂട്യൂബിലൂടെയും ലഭ്യമാക്കും.
വ്യാജ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് സിഎൻഎൻ, പൊളിറ്റിക്കോ, എം.എസ് നൗ എന്നീ മാധ്യമങ്ങളെ വൈറ്റ് ഹൗസിൽ നിന്ന് വിലക്കിയ നടപടിയെ ട്രംപ് ന്യായീകരിച്ചു. എന്നാൽ ഈ വിലക്കിനെതിരെ മാധ്യമങ്ങൾ നൽകിയ ഹർജി യുഎസ് ഫെഡറൽ കോടതിയുടെ പരിഗണനയിലാണ്.