കോട്ടയം: പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ഏഴാം വാര്‍ഷികാഘോഷങ്ങള്‍ 11ന് നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമ്മേളനത്തില്‍ ആശുപത്രിയുടെ ഏഴാം വാര്‍ഷികാഘോഷങ്ങള്‍, അനക്സ് ഒന്ന് ബ്ലോക്കിലേക്കു മാറിയ ഗാസ്ട്രോ സയന്‍സസ് ആന്‍ഡ് പള്‍മണറി ബ്ലോക്കിന്റെ ഉദ്ഘാടനം, ഗാസ്ട്രോസയന്‍സസ് വിഭാഗം - സെന്റര്‍ ഓഫ് എക്സലന്‍സ് പ്രഖ്യാപനം, വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയായ 150 പേരുടെ സംഗമം എന്നിവ നടത്തും. മന്ത്രി കെ. മുരളീധരന് ഉദ്ഘാടനം നിര്‍വഹിക്കും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ മാണി സി. കാപ്പന്, നാട്ടകം സുരേഷ്, എം.ജെ. സെബാസ്റ്റ്യന്‍, പ്രഫ. റോണി കെ. ബേബി എന്നിവര്‍ പ്രസംഗിക്കും.
സമ്പൂര്‍ണ കാന്‍സര്‍ ചികിത്സാ കേന്ദ്രം
സമ്പൂര്‍ണ കാന്‍സര്‍ ചികിത്സാ കേന്ദ്രമായ മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നു. ഏഴു മിനിറ്റിനുള്ളില്‍ കാന്‍സര്‍ രോഗനിര്‍ണയം സാധ്യമാകുന്ന ഡിജിറ്റല്‍ പെറ്റ് സിടി, ഗാമകാമറ സ്പെക്റ്റ് സംവിധാനങ്ങള്‍, റേഡിയേഷന് ചികിത്സയ്ക്കായി അത്യാധുനിക ലീനിയര്‍ ആക്സിലറേറ്റര്‍ സംവിധാനം, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ്, 35 ബെഡ് കീമോതെറാപ്പി സംവിധാനം തുടങ്ങിയവ കാന്‍സര്‍ സെന്ററിലെ പ്രത്യേകതയാണ്. ആശുപത്രിയിലെ ചികിത്സാ വിഭാഗങ്ങളായ കാര്‍ഡിയാക് സയന്‍സസ്, ഓര്‍ത്തോപീഡിക്സ്, ന്യൂറോസയന്‍സസ്, നെഫ്രോളജി, യൂറോളജി, കാന്‍സര്‍ കെയര്‍ സെന്റര്‍, എമര്‍ജന്‍സി ആന്‍ഡ് ട്രോമാകെയർ, ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് ആന്‍ഡ് എക്മോ, ഗാസ്ട്രോസയന്‍സസ് എന്നിവ രോഗീപരിചരണത്തില്‍ മികവിന്റെ കേന്ദ്രങ്ങളാണ്.
ഗാസ്ട്രോ സയന്‍സസ് വിഭാഗം
ആധുനിക രീതിയില്‍ നവീകരിച്ച ഗാസ്ട്രോസയന്‍സസ് വിഭാഗത്തില്‍ എന്‍ഡോസ്കോപ്പി, കൊളോണോസ്കോപ്പി സ്യൂട്ടുകള്‍, മാനോമെട്രി, ബ്രത്ത് അനലൈസര്‍, ഫൈബ്രോസ്കാന്‍ തുടങ്ങിയ വിവിധ സംവിധാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. കരള്‍മാറ്റ ശസ്ത്രക്രിയകള്‍ക്കുള്ള നടപടിക്രമങ്ങളും അന്തിമഘട്ടത്തിലാണ്. ശ്വാസകോശ രോഗവിഭാഗത്തില്‍ ക്രയോആപ്ലിക്കേഷന്, ട്വിന്‍ അള്ട്രതിന് ബ്രോങ്കോസ്കോപ്പ് ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളും ലഭ്യമാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആര്‍ത്രോസ്കോപ്പി സ്കില്‍ ലാബ് കൂടി പ്രവര്‍ത്തിക്കുന്ന ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ കാര്‍ട്ടിലേജ് ബോണ്‍ കോംപ്ലക്സ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉൾപ്പടെ വിജയകരമായി പൂര്‍ത്തിയാക്കി. മുട്ടുമാറ്റിവയ്ക്കലിനുള്പ്പെടെ റോബോട്ടിക് ശസ്ത്രക്രിയകളും നടക്കുന്നു.
ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങൾ
മികച്ച ഗുണനിലവാരത്തിനും നഴ്സിംഗ് എക്സലന്സിനുമുള്ള എന്‍എബിഎച്ച് അക്രഡിറ്റേഷന് ഉള്‍പ്പെടെ ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള ഒട്ടേറെ അംഗീകാരങ്ങളും അവാര്‍ഡുകളും ഇതിനകം മാര്‍ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, 12 ഐസിയു യൂണിറ്റുകളായി 140 കിടക്കകള്‍, സുസജ്ജമായ 10 ശസ്ത്രക്രിയാ തിയറ്ററുകള്‍, ഒസിടിയോടു കൂടിയ ആധുനിക കാത്ത് ലാബ്, എക്മോ സംവിധാനം, ബേണ്‍ ഐസിയു, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ ട്രോമാകെയര്‍ വിഭാഗം, സമ്പൂര്‍ണ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം, സമ്പൂര്‍ണ സ്ട്രോക് കെയര്‍ വിഭാഗം, റേഡിയോളജി വിഭാഗം, സിആര്‍ആര്‍ടി സംവിധാനത്തോടു കൂടിയ ഡയാലിസിസ് യൂണിറ്റുകള്‍, ബ്ലഡ് സെന്റര്‍ തുടങ്ങിയവയും ആശുപത്രിയുടെ പ്രത്യേകതയാണ്. ആധുനികചികിത്സകള്ക്കൊപ്പം ആയുഷ് വകുപ്പിനു കീഴില്‍ സമ്പൂര്‍ണ ആയുര്‍വേദ ചികിത്സാവിഭാഗം, നാച്ചുറോപ്പതി, സിദ്ധ, ഹോമിയോ വിഭാഗങ്ങള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു.
250ല്‍പ്പരം വിദഗ്ധ ഡോക്ടര്‍മാര്‍
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ദീര്‍ഘവീക്ഷണത്തിലാണ് സമ്പൂര്‍ണ ചികിത്സാകേന്ദ്രമായി 2019 സെപ്റ്റംബര്‍ 14ന് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. 690 കിടക്കകള്‍, 60ല്‍പ്പരം ചികിത്സാവിഭാഗങ്ങള്‍, 250ല്‍പ്പരം വിദഗ്ധ ഡോക്ടര്‍മാര്‍, 19 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍, 42 സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍, മികവിന്റെ കേന്ദ്രങ്ങളായ ഒന്‍പതു ചികിത്സാവിഭാഗങ്ങള്‍ എന്നിവ മെഡിസിറ്റിയുടെ പ്രത്യേകതയാണ്. 650 നഴ്സിംഗ് സ്റ്റാഫുകള്‍ ഉള്‍പ്പെടെ രണ്ടായിരത്തി അഞ്ഞൂറില്‍പ്പരം പേരാണ് ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്നത്.
പത്രസമ്മേളനത്തില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ. മാത്യു തെക്കേല്‍, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രമോഷന്‍സ്, ഐടി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. മാത്യു തുരുത്തിപ്പള്ളില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍കോമഡോര്‍ ഡോ. പോളിന് ബാബു, ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ. എം. രമേശ് എന്നിവര്‍ പങ്കെടുത്തു.